ബാഗ്ലൂര്: സൈനീക ആക്രമണങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനിടെ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍ നിന്നും പാകിസ്താനിലേക്ക് അച്ചത് ആരാണെന്ന് മോഡി വ്യക്തമാക്കണമെന്ന് രാഹുല്‍ പറഞ്ഞു. കാണ്ഠഹാര്‍ വിമാന റാഞ്ചല്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലടച്ച മസൂദ് അസറിനെ അന്നത്തെ ബിജെപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കിയ സംഭവത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.
‘കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധി സിആര്‍പി എഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നമ്മുടെ പ്രധാനമന്ത്രിയോട് തനിക്ക് ഒരു ചെറിയ കാര്യം ചോദിക്കാനുണ്ട്. ആരാണ് ഇവരെ കൊന്നത്. ജെയ്ഷെ തലവന്‍ മസൂദ് ആസറാണോ?, അങ്ങനെയെങ്കില്‍ രാജ്യത്തെ 130 കോടി ജനങ്ങളോട് താങ്കള്‍ പറയണം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞ മസൂദ് ആസറിനെ ആരാണ് പാക്കിസ്ഥാനിലേക്ക് വിട്ടയച്ചതെന്ന് ‘- രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കവേയായിരുന്നു രാഹുലിന്റെ ചോദ്യം.
പുല്‍വാമ ആക്രമണത്തിനു മറുപടിയായി ബാലാക്കോട്ടില്‍ സൈന്യം നടത്തിയ പ്രത്യാക്രമണം മോഡി, തന്റെ നേട്ടമായി ചൂണ്ടിക്കാട്ടി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനിടെയാണ് മോഡിയെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്ത് വന്നിരിക്കുന്നത്.