ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാക്കോട്ടില്‍ ഭീകരപരിശീലനകേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്ന് സമ്മതിച്ച് ജെയ്ഷെ മുഹമ്മദ്. വ്യോമാക്രമണം സ്ഥിരീകരിക്കുന്ന തലവന്‍ മസൂദ് അസറിന്റെ സഹോദരന് മൗലാന അമറിന്റെ ശബ്ദരേഖ പുറത്തുവന്നു. ഒരു ദേശീയമാധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്.
നേരത്തെ പാകിസ്താന് ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജെയ്ഷേ മുഹമ്മദ് തന്നെ ഇക്കാര്യം അംഗീകരിക്കുകയാണ്. അതേസമയം ജെയ്ഷെയുടെ ആസ്ഥാനത്ത് ആക്രമണം നടന്നിട്ടില്ലെന്നും മൗലാനാ അമര്‍ പറയുന്നു.
ജയ്ഷെ മുഹമ്മദിന്റെ താവളത്തില്‍ ബോംബാക്രമണം നടന്നതായി നാട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നു മണിക്കൂറുകള്‍ക്കു ശേഷം 35 ഓളം മൃതദേഹങ്ങള്‍ പ്രദേശത്തുനിന്ന് ആംബുലന്‍സില്‍ പുറത്തേക്കു കൊണ്ടുപോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.