ന്യൂഡല്‍ഹി: കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികന് അഭിനന്ദന് വര്‍ധമാനെ വിട്ടയയ്ക്കുമെന്ന് പാകിസ്താന് പ്രധാനമന്ത്രി അറിയച്ചതിന് ഇടയിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. പാകിസ്താന്റെ 24 യുദ്ധവിമാനങ്ങള്‍ ജമ്മു കാശ്മീര്‍ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമം നടത്തിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിര്‍ത്തി കടന്ന് എത്തിയ 24 വിമാനങ്ങളെയും ഇന്ത്യ തുരത്തി. മിഗ് 21 വിമാനം ഉള്‍പ്പെടെ എട്ട് വിമാനങ്ങളാണ് തുരത്താനായി ഇന്ത്യ ഉപയോഗിച്ചത്. പാകിസ്താന്റെ എട്ട് എഫ്-16 വിമാനങ്ങള്‍, നാല് മിറാഷ്-3 വിമാനങ്ങള്‍, നാല് ചൈനീസ് നിര്‍മിത ജഐഫ്-17 വിമാനങ്ങളും കൂടാതെ ഈ വിമാനങ്ങള്‍ക്ക് സുരക്ഷ ഒരുക്കി പറന്ന 8 വിമാനങ്ങളുമാണ് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്.
നിയന്ത്രണരേഖ മറികടന്ന് പത്തു കിലോമീറ്റര്‍ ഉള്ളിലേക്ക് വിമാനങ്ങള്‍ പറന്നെത്തിയെങ്കിലും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തുരത്തി. തിരിച്ചുപറക്കുന്നതിനിടെ നിയന്ത്രണരേഖയിലെ സൈനിക താവളത്തില്‍ ബോബ് വര്‍ഷിക്കാനും പാക്കിസ്ഥാന് വിമാനങ്ങള്‍ ശ്രമം നടത്തി. എന്നാല്‍ ഇതിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് എത്തിയത്.