തിരുവനന്തപുരം: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ വ്യാപകമായ കൊലപാതകങ്ങളാണ് നടക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി. കേരള സംരക്ഷണ യാത്രയുടെ തെക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഭയത്തിന്റെയും ഭീഷണിയുടേയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍, ബുദ്ധിജീവികള്‍, ദളിതര്‍ എന്നിവരെല്ലാം ഭയത്തിന്റെ നിഴലിലാണെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു. വൈവിധ്യങ്ങളുള്ള രാജ്യമാണ് നമ്മുടേത്. വിവിധതരത്തില്പെട്ടവര് ജീവിക്കുന്ന രാജ്യമാണിത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ വ്യാപകമായ കൊലപാതകങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാജാഥ 16ന് മഞ്ചേശ്വരത്ത് തുടങ്ങും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ടിന് ഇരുജാഥകളും തൃശൂരില്‍ മഹാറാലിയോടെ സമാപിക്കും.