കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്റെ കാലാവധി തീരാറായെന്നുമാണ് മമത പറഞ്ഞത്.
മോഡി ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ എന്നും തങ്ങള്‍ക്ക് ഭയമില്ലെന്നും എന്തായാലും അത് നേരിടുമെന്നും മമത പറഞ്ഞു. ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തട്ടെയെന്നും ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണെന്നും മമത വ്യക്തമാക്കുന്നു.
ഈ സര്‍ക്കാരിനെ കേന്ദ്രത്തില്‍ നിന്നും പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കുമെന്നും അവര്‍ പറഞ്ഞു. മമതയുടെ ഈ പരാമര്‍ശങ്ങള്‍ സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന സത്യഗ്രഹ സമരത്തിനിടെയായിരുന്നു. മോഡി സര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ‘ധിക്കാര്‍’ റാലി നടത്തുമെന്നും മമത പറഞ്ഞു.
ഞായറാഴ്ച രാത്രി എട്ടരയ്ക്ക് സിബിഐ നടപടിക്കെതിരെ ആരംഭിച്ച സത്യഗ്രഹം മമത തിങ്കളാഴ്ച രാവിലെയും തുടരുകയാണ്. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത രാത്രി മുഴുവന്‍ ഉറക്കമിളച്ചിരിക്കുകയായിരുന്നു. മെട്രോചാനലിലെ സമരപന്തലില്‍ മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ട്.
ഞായറാഴ്ച രാത്രി ബംഗാള്‍ പോലീസ് ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സിബിഐ സംഘത്തെ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.