ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 73,000 തോക്കുകള്‍ അടിയന്തരമായി വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി. കരസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി 3600 കിലോമീറ്ററോളം വരുന്ന ചൈനാ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈന്യത്തിനായാണ് ഇത്രയും തോക്കുകള്‍ ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുന്നത്.
അമേരിക്കന്‍ കമ്പനിയായ സിഗ്സവറില്നിന്ന് തോക്കുവാങ്ങാനായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയിലുള്ള ഉത്തതതലസമിതി ശനിയാഴ്ചയാണ് അനുമതി നല്‍കിയത്. കരാറിന്റെ കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമതീരുമാനമാകുമെന്നും ഇത് നിലവില്‍വന്ന് ഒരുവര്‍ഷത്തിനകം തോക്കുകള്‍ ഇന്ത്യക്കു കൈമാറുമെന്നുമാണ് സൂചന.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും സൈന്യം ഉപയോഗിക്കുന്ന തോക്കാണിത്. ഈ തോക്ക് എത്തുന്നതോടെ കരസേന ഉപയോഗിക്കുന്ന ഇന്‍സാസ് തോക്ക് ഒഴിവാക്കും. സിഗ്സവര്‍ തോക്കുകളെന്ന ആവശ്യം കരസേന പ്രതിരോധമന്ത്രാലയത്തിനു മുമ്പില്‍ വെച്ചിട്ട് ഏറെക്കാലമായി. പാകിസ്താനില്‍നിന്നും ചൈനയില്‍ നിന്നുമുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് തോക്കുകള്‍ എത്തിക്കുന്ന കാര്യത്തില്‍ വേഗം നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.