മുംബൈ: ഇടനിലക്കാരായി നിന്ന് വ്യാപാരികളില്‍ നിന്ന് 27 കോടിയുടെ വജ്രങ്ങള്‍ തട്ടിയെടുത്ത ഏഴംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ യതീഷ് പിചാരിയ എന്നയാളും ആറ് സഹായികളുമാണ് പിടിയിലായത്. മുംബൈയിലെ 25ഓളം വജ്ര വ്യാപരികള്‍ നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപഭോക്താക്കളെ കണ്ടെത്തി വില്‍ക്കാമെന്ന് ഉറപ്പ് നല്കി ഇടനിലക്കാരായി നിന്നാണ് വിവിധ വ്യാപരികളില്‍ നിന്ന് വജ്രം വാങ്ങിയത്. എന്നാല്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ബികെസി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ വ്യാപാരികള്‍ പറയുന്നു. അന്വേഷണത്തില്‍ സംഘത്തിന്റെ പക്കല്‍ നിന്ന് 38 ലക്ഷം രൂപയുടെ വജ്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വ്യാപാരികളില്‍ നിന്നും വജ്രം കൈക്കലാക്കിയ ശേഷം യതീഷ് മുംബൈയില്‍ നിന്ന് മുങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് വേഷം മാറി പല സ്ഥലത്തും താമസമാക്കുകയായിരുന്നു. കുംഭ മേളയിലും സന്ന്യാസിയുടെ വേഷത്തില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. തട്ടിയെടുത്ത വജ്രം ഇയാള്‍ മറിച്ച് വിറ്റിരുന്നില്ല. തിരിച്ച് മുംബൈയില്‍ എത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.