ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം തുറുപ്പു ചീട്ടാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ തര്‍ക്കമന്ദിരത്തിനു സമീപത്തുള്ള ഭൂമി ‘രാം ജന്മഭൂമി ന്യാസി’നു വിട്ടുകൊടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ‘രാം ജന്മഭൂമി ന്യാസാ’ണ് രാമക്ഷേത്ര നിര്‍മ്മാണത്തിനു നേതൃത്വം നല്‍കുന്നത്.
സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത് 1992ല്‍ തകര്ക്കപ്പെടുന്നതിനു മുമ്പ് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താകെ തല്‍സ്ഥിതി തുടരാനാണ്. എന്നാല്‍ കേന്ദ്രത്തിന്റെ ആവശ്യം തര്‍ക്കമില്ലാത്ത അധികഭൂമിയെ ഇതില്‍നിന്ന് ഒഴിവാക്കണമെന്നാണ്.
സുപ്രീംകോടതി ഉത്തരവ് 25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനും ബാധകമാണ്. ഇതില്‍ തര്‍ക്കം നിലനില്‍ക്കുന്നത് 2.7 ഏക്കര്‍ സംബന്ധിച്ചു മാത്രമാണ്. കോടതി നിര്‍ദേശം 67 ഏക്കറും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നും തര്‍ക്കം തീര്‍പ്പാക്കുന്നതു വരെ ആര്‍ക്കും കൈമാറരുതെന്നുമാണ്.
ഇതേ നിലപാടു തന്നെ 2011-ലും സുപ്രീംകോടതി ആവര്‍ത്തിച്ചിരുന്നു. ഭൂമി കൈമാറ്റത്തിന് അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത് അയോധ്യ ഭൂമിത്തര്‍ക്കം സംബന്ധിച്ച് സുപ്രീംകോടതി വാദം കേള്‍ക്കാനിരിക്കെയാണ്.