ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന പുതിയ ആരോപണങ്ങളുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ തന്ത്രം എച്ച്എഎല്ലിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ്. പണം നല്‍കാതെ ഇന്ത്യയുടെ ശേഷി ഇല്ലാതാക്കി അനില്‍ അംബാനിക്കു സമ്മാനം നല്കുകയാണു ലക്ഷ്യമെന്നും പാര്‍ലമെന്റിനു പുറത്തു മാധ്യമങ്ങളോടു രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലോക്സഭയില്‍ വരാന്‍ ഭയമാണെന്നും ചോദ്യം ചെയ്യപ്പെടുമോ എന്ന് അദ്ദേഹം പേടിക്കുന്നുവെന്നും അതുകൊണ്ടാണു സഭയിലെത്താത്തതെന്നും രാഹുല്‍ പറഞ്ഞു. ലോക്സഭയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് കള്ളം പറയുകയാണെന്നും പ്രധാനമന്ത്രിക്കൊപ്പം വെറും 15 മിനിറ്റ് നല്‍കൂ, സത്യം തെളിയിക്കാമെന്നും പ്രധാനമന്ത്രിയുടെ വക്താവിനെപ്പോലെയാണു പ്രതിരോധ മന്ത്രി സംസാരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ ശമ്പളം കൊടുക്കാനുള്ള പണം പോലുമില്ലെന്നു രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. അനില്‍ അംബാനിക്ക് നിലവില്‍ റാഫേലുണ്ട്. ശമ്പളമില്ലാതായാല് മികച്ച എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും എച്ച്എഎല്ലില്‍നിന്ന് അനില്‍ അംബാനിയുടെ സ്ഥാപനത്തിലേക്കു പോകുമെന്നും രാഹുല്‍ വ്യക്തമാക്കി.
എന്നാല്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നു ലോക്സഭയില്‍ പറഞ്ഞു. 26,000 കോടി മൂല്യമുള്ള ജോലികള്‍ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും 73,000 കോടിയുടെ പദ്ധതികള്‍ ഏല്‍പ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലുമാണെന്നും പ്രതിപക്ഷത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുമെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.