മുംബൈ: മൊബൈല്‍ ഫോണില്‍ മിസ്കോളുകള്‍ വന്നതിന് പിന്നാലെ വ്യാപാരിയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 1.86 കോടി രൂപ. മുംബൈ സ്വദേശിയായ വ്യാപാരി മാഹിം ബിസ്മാന്റെ അക്കൗണ്ടില്‍ നിന്നാണ് ഹാക്കര്‍മാര്‍ പണം പിന്‍വലിച്ചത്. പാതിരാത്രിയില്‍ ഫോണിലേക്ക് മിസ്കോളുകള്‍ വന്നതിന് പിന്നാലെയാണ് ഇത്രയും വലിയ തുക അക്കൗണ്ടില്‍ നിന്നും നഷടമായതെന്ന് മാഹിം പറഞ്ഞു.
ഡിസംബര്‍ 27ന് അര്‍ധരാത്രിയിലും 28ന് പുലര്‍ച്ചെയുമായാണ് തട്ടിപ്പ് നടന്നത്. രാത്രി 11നും പിറ്റേന്ന് പുലര്‍ച്ചെ രണ്ടിനും ഇടക്കുള്ള സമയത്താണ് ഇയാളുടെ ഫോണിലേക്ക് ആറ് മിസ്കോളുകള്‍ വന്നത്. ഇതില്‍ ഒരു നമ്പര്‍ യുകെയില്‍(+44) നിന്നുള്ളതായിരുന്നെന്നും രാവിലെ ഈ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ സിംകാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ലെന്ന് അറിയുന്നതെന്നും ഇയാള്‍ പറഞ്ഞു.
മാഹിം മൊബൈല്‍ സേവന ദാതാക്കളെ ഇക്കാര്യം അറിയിച്ചു. നിങ്ങളുടെ തന്നെ അഭ്യര്‍ഥന പ്രകാരം പുതിയ സിം നല്‍കിയിരുന്നുവെന്ന മറുപടിയാണ് അവരില്‍ നിന്നും മാഹിന്‍ ലഭിച്ചത്. ഇതോടെ തട്ടിപ്പിന് ഇരയായെന്ന് തോന്നിയ മാഹിം ഉടനെ ബാങ്കിനെ വിവരം അറിയിക്കുകയായിരുന്നു.
ബാങ്ക് പരിശോധന നടത്തുകയും വലിയ തോതില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ചെയ്തു. സിം സ്വാപ് എന്ന രീതിയിലൂടെയാണ് ഹാക്കര്‍മാര്‍ വലിയ തുക തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കിയ സൂചന. ബാങ്ക് അക്കൗണ്ടുമായി ബന്ധിക്കപ്പെട്ട മൊബൈല്‍ ഫോണിലെ സിമ്മിന്റെ ഉടമാവകാശം മാറ്റി പണം പിന്‍വലിക്കുന്ന രീതിയാണിത്.
രാജ്യത്തെങ്ങുമുള്ള 14 അക്കൗണ്ടുകളിലേക്കാണ് ഹാക്കര്‍മാര്‍ പണം മാറ്റിയിരിക്കുന്നത്. ബാങ്ക് പെട്ടെന്ന് തന്നെ നടപടിയെടുത്തതിനാല്‍ അക്കൗണ്ടില്‍ നിന്നും പോയ 20 ലക്ഷം രൂപ പിന്‍വലിക്കും മുമ്പ് തിരികെ പിടിക്കാന്‍ സാധിച്ചു. എന്നാല്‍ ബാക്കി തുക പിന്‍വലിക്കപ്പെട്ടിരുന്നു. മൊബൈല്‍ ഫോണുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിരുന്നെങ്കിലും തട്ടിപ്പ് നടന്നെന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് മാഹിന്റെ പ്രതികരണം. മൊബൈല്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിരുന്നില്ലെന്ന് മാഹിം പറഞ്ഞു. സംഭവത്തില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.