ന്യൂഡല്‍ഹി: രാജ്യത്തെ റബ്ബര്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ 3.15 ലക്ഷം ടണ്‍ റബ്ബര്‍ രാജ്യത്ത് ഇറക്കുമതിചെയ്തു. ഇറക്കുമതി ആഭ്യന്തരവിപണിയെ സ്വാധീനിച്ചു തുടങ്ങിയതോടെ വിലവര്‍ധനയ്ക്കുള്ള സാധ്യതകളും അടയുകയാണ്.
ആഭ്യന്തര ഉത്പാദനം 3.44 ലക്ഷം ടണ്‍മാത്രമാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന റബ്ബര്‍ മുഴുവന്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും ഗുണനിലവാരമുള്ള റബ്ബറിനായാണ് വ്യവസായികള്‍ അന്താരാഷ്ട്രവിപണിയെ കൂടുതല്‍ ആശ്രയിക്കുന്നത്. തായ്ലാന്ഡും ഇന്‍ഡൊനീഷ്യയുമാണ് ഇന്ത്യന്‍ വിപണിക്ക് ഭീഷണി സൃഷ്ടിക്കുന്നത്.
അഞ്ചുവര്‍ഷംമുമ്പ് ആര്എസ്എസ്ഫോര് ഇനം റബ്ബറിന് 176.82 രൂപവരെ ശരാശരി വിലയുണ്ടായിരുന്നു. ഇപ്പോള്‍ കര്ഷകന് ലഭിക്കുന്നത് 121 രൂപമാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഭ്യന്തര ഉത്പാദനം കുറഞ്ഞ് ഇറക്കുമതി വര്‍ധിക്കുന്ന പ്രവണതയാണ് വിപണിയില്‍. ഇക്കൊല്ലം ഇറക്കുമതി ആഭ്യന്തര ഉത്പാദനത്തെ കടത്തിവെട്ടിയേക്കുമെന്നാണ് സൂചന.