ന്യൂഡല്‍ഹി: ഇനിമുതല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഫോട്ടോയും വീഡിയോയും എടുക്കാം. നിലവിലുള്ള ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി നിരോധനം പിന്‍വലിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. 2007മുതല്‍ നിലനിന്നിരുന്ന നിരോധനം പിന്‍വലിക്കുന്നതായി റെയില്‍വെ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ടര്‍ രാജ്ദേശ് ദത്ത് ബാജ്പെയ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
നിരോധനം പിന്‍വലിക്കുന്നതോടെ യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് തടസ്സമുണ്ടാകില്ല. ഇന്ത്യക്കാര്‍ക്ക് ചെറിയ ഡിജിറ്റല്‍ ക്യാമറകളും ഫോണുകളും ഉപയോഗിച്ച് ചിത്രങ്ങളെടുക്കുന്നതിനും വാണിജ്യപരമല്ലാത്ത ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഇനിമുതല്‍ അനുവാദം വാങ്ങേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ റെയില്‍വെയുടെ സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ടുമാത്രമേ ചിത്രങ്ങളെടുക്കാന്‍ അനുവദിക്കുള്ളു.
പ്ലാറ്റ്ഫോം ടിക്കറ്റോ, ട്രെയിന്‍ ടിക്കറ്റോ എടുത്തതിന് ശേഷമാകണം ചിത്രങ്ങള്‍ പകര്‍ത്തുന്നതെന്നും ഉത്തരവില്‍ പയുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ രേഖകളും കാണിക്കണം. പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയാണെങ്കിലും വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ഷൂട്ട് ചെയ്യുകയാണെങ്കിലും റെയില്‍വെ ലൈസന്‍സ് ഫീസ് ഈടാക്കും.