ന്യൂഡല്‍ഹി: എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) നടത്താനിരുന്ന ടിഎം കൃഷ്ണയുടെ സംഗീത കച്ചേരി സംഘപരിവറിന്റെ ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ചു. നവംബര്‍ 17, 18 തിയതികളിലായി ചാണക്യപുരിയിലെ നെഹ്റു പാര്‍ക്കില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് അധികൃതര്‍ പിന്നോട്ട് പോയത്. എഎഐയും സാംസ്കാരിക വേദിയായ സ്പിക്മാകെയുമായി ചേര്‍ന്നാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.
പരിപാടിയില്‍ കൃഷ്ണയുടെ സംഗീത കച്ചേരിയുണ്ടാകുമെന്ന് അറിയിച്ചത് തിങ്കളാഴ്ചയാണ്. ഇതേതുടര്‍ന്ന് കൃഷ്ണ ദേശവിരുദ്ധനാണെന്നും അല്ലാഹു, ജീസസ് എന്നിവരെ കുറിച്ച് ഗാനമാലപിക്കുന്നയാളാണെന്നും ചൂണ്ടിക്കാട്ടി സംഘപരിവാര്‍ രംഗത്തുവന്നത്. ട്വിറ്ററില്‍ ട്രോളുകളിലൂടെ കൃഷ്ണക്കെതിരായി പ്രചാരണം ശക്തമായതോടെയാണ് അധികൃതര്‍ പരിപാടി ഉപേക്ഷിച്ചത്. കൃഷ്ണയെ അര്‍ബന്‍ നക്സല്‍, മതഭ്രാന്തന്, ദേശവിരുദ്ധന്‍ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്ന പോസ്റ്ററുകളാണ് ട്വിറ്ററുകളില്‍ പ്രചരിക്കുന്നത്.
എന്നാല്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നല്ല പരിപാടി മാറ്റിവെച്ചതെന്നാണ് എഎഐ ചെയര്മാന് ഗുരുപ്രസാദ് മൊഹാപാത്ര പ്രതികരണം. ചടങ്ങ് നടത്താനിരുന്ന ദിവസം മുന്‍കൂട്ടി തീരുമാനിക്കാത്ത ജോലികള്‍ ചെയ്യേണ്ടതായി വന്നു. അതിനാല്‍ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി കൃഷ്ണ രംഗത്തെത്തിയിട്ടുണ്ട്. നവംബര്‍ 17ന് ഡല്‍ഹിയല്‍ ഒരു വേദി ആരെങ്കിലും സംഘടിപ്പിച്ച് നല്കിയാല് താന്‍ അവിടെ വന്ന് പരിപാടി അവതരിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണിക്ക് വഴങ്ങരുതെന്നും കൃഷ്ണ പ്രതികരിച്ചു.