ന്യൂഡല്‍ഹി: അയോധ്യയില്‍ രാമപ്രതിമ നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചു. ഭരണഘടനാ തത്വങ്ങള്‍ പാലിച്ച് ക്ഷേത്ര നിര്‍മ്മാണം നടത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പൂജാ വിഗ്രഹം അമ്പലത്തില്‍ സ്ഥാപിക്കും. എല്ലാവര്ക്കും കാണാനുള്ള ഒരു പ്രതിമയ്ക്കും വ്യവസ്ഥ ചെയ്യും. രാമപ്രതിമ അയോധ്യയില്‍ പണിയുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദു ഏകീകരണത്തിനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗം കൂടിയാണ് അയോധ്യയിലെ നീക്കങ്ങള്‍.
ഫൈസാബാദി ജില്ലയുടെ പേര് അയോധ്യയെന്നാക്കുന്നു. ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളേജും. ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും. ഒരു പടികൂടി കടന്നാണ് ഉത്തരേന്ത്യയില്‍ ദീപാവലി ദിനത്തില്‍ ക്ഷേത്രനിര്‍മ്മാണം നടക്കും എന്ന പ്രഖ്യാപനവും യോഗി നടത്തുന്നത്. എന്നാല്‍ നിയമം ഉണ്ടാകുമോ, ഒത്തുതീര്‍പ്പിനു ശ്രമിക്കുമോ, കോടതിവിധിക്ക് കാത്തിരിക്കുമോ എന്നൊന്നും യുപി മുഖ്യമന്ത്രി വിശദീകരിച്ചില്ല. ഭരണഘടനയ്ക്ക് അനുസൃതമായിട്ടാവും നിര്‍മ്മാണം എന്ന് ഉറപ്പ് പറയുന്നു. കൂറ്റന്‍ രാമപ്രതിമ നിര്‍മ്മിക്കുന്നതിന് രണ്ട് സ്ഥലങ്ങള്‍ പരിശോധിക്കുകയാണെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് അയോധ്യയില്‍ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സന്ന്യാസിമാരെ അനുനയിപ്പിക്കാനാണ് ഈ പ്രഖ്യാപനങ്ങള്‍.
വിശ്വഹിന്ദു പരിഷത്ത് എല്ലാ ലോകസഭാ സീറ്റിലും ക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ തേടി യോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം ബിജെപി നേരിടുന്നു. ഹിന്ദു ഏകീകരണത്തിലൂടെയേ ഇത് മറികടക്കാന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍. അയോധ്യ വീണ്ടും ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ നിയസഭാ തെരഞ്ഞെടുപ്പുകളിലും ഇതിന്റെ പ്രകമ്പനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.