അയോധ്യ: ഉത്തര്‍പ്രദേശിലെ അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കിമാറ്റിയതിനു പിന്നാലെ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് പേരുമാറ്റം. ബിജെപിയുടെ ഹിന്ദുത്വ അജണ്ട ഉറപ്പിക്കുകയാണ് പേരുമാറ്റത്തിലൂടെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
അയോധ്യ വിമാനത്താവളത്തിന്റെ പേര് ശ്രീരാമന് എന്ന് പുനര്‍നാമകരണം ചെയ്യുന്നതായും യോഗി പ്രഖ്യാപിച്ചു. ഫൈസാബാദിന്റെ പേര് ശ്രീ അയോധ്യ എന്നാക്കണമെന്ന് വിശ്വഹിന്ദുപരിഷിത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി.
അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ല. അയോധ്യയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കുമെന്നും യോഗി അറിയിച്ചു. അയോധ്യയില്‍ ദീപാവലിയോടനുബന്ധിച്ചുള്ള ‘ദീപോത്സവം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു യോഗി.
ഫൈസാബാദ്, അയോധ്യ എന്നീ നഗരങ്ങള്‍ ചേര്‍ന്നതായിരുന്നു ഫൈസാബാദ് ജില്ല. സ്ഥലനാമങ്ങള്‍ മാറ്റുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാമന്റെ പേരിനെ ബിജെപി ചൂഷണം ചെയ്യുകയാണെന്ന് എസ്പി ആരോപിച്ചു.