ന്യൂഡല്‍ഹി: ഉത്തരേന്ത്യ ദീപാവലിയ്ക്ക് ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ അനധികൃത പടക്കവില്‍പ്പന തടയാന്‍ ഡല്‍ഹിയില്‍ വ്യാപക റെയ്ഡ്. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. ഡല്‍ഹിയിലെ സദര്‍ ബസാറിലെ അനധികൃത പടക്കകടയില്‍ നിന്ന് കാലാവധി കഴിഞ്ഞ 625കിലോ ഗ്രാം പടക്കം പിടിച്ചെടുത്തു.
സബ്ജി മണ്ഡിയില്‍ നിന്ന് 11കിലോഗ്രാം പടക്കമാണ് പിടിച്ചെടുത്തത്. ബുറാഡിയില്‍ പിടിച്ചെടുത്തത് എട്ടുകിലോ ഗ്രാം പടക്കമാണ്. മുസഫര്‍പുറിലെ അനധികൃത പടക്കകടയിലും റെയിഡ് നടന്നു. കൊല്‍ക്കത്തയിലെ ബിന്ധന്‍നഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറിന്റെ വീട്ടില്‍ നിന്നും നിരോധിച്ച പടക്കങ്ങളുടെ വലിയ ശേഖരം പോലീസ് പിടികൂടി.
ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ദീപാവലിക്ക് പടക്കം വില്‍ക്കാനുള്ള താല്കാലിക ലൈസന്‍സ് ഇത്തവണ ആര്‍ക്കും അനുവദിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ആരും അപേക്ഷിച്ചില്ലെന്നാണ് വിശദീകരണം. സ്ഥിരം ലൈന്‍സുള്ളവര്‍ പലരും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ദീപാവലി ദിവസം രാത്രി എട്ട് മണി മുതല്‍ പത്ത് മണിവരെയാണ് ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. ബാരിയം, അലുമീനിയം സാനിധ്യമുള്ളതും വിഷപുക പുറത്തുവിടുന്നതുമായ പടക്കങ്ങള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.