ബംഗളൂരു; വീടില്ലാത്തതിനാല്‍ ദമ്പതികള്‍ ഒരു വര്‍ഷം താമസിച്ചത് ബന്ധുവിന്റെ കുളി മുറിയില്‍. കര്‍ണാടകയിലാണ് സംഭവം. കര്‍ണാടക കടപ്പലക്കരെ ഗ്രാമത്തിലെ പവഗട താലൂക്കില്‍ താമസിക്കുന്ന 55 വയസ്സ് പ്രായമുള്ള ഒബലപ്പയും ഭാര്യ ലക്ഷ്മി നരസമ്മയുമാണ് സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസം മൂലം കുളിമുറി വീടാക്കി ഉപയോഗിക്കേണ്ട ദുരവസ്ഥ ഉണ്ടായത്.
ഒരു വര്‍ഷം മുന്‍മ്പാണ് ഇവര്‍ക്ക് കൊടഗുഡ്ഡ ഗ്രാമ പഞ്ചായത്തില്‍ നിന്നും ബിആര്‍ അംബേദ്ക്കര്‍ നിവാസ് യോജന പ്രകാരം വീട് അനുവദിച്ച് അറിയിപ്പ് ലഭിക്കുന്നത്. പുതിയ വീട് സ്ഥാപിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന നിലം പൊത്താറായ വീട് പൊളിച്ച് കളയാന്‍ പഞ്ചായത്ത് ആവശ്യപ്പെടുകയായിരുന്നു. വീട് പൊളിച്ചതോടെ ജീവിക്കാന്‍ വഴിയില്ലാത്ത ദമ്പതികള്‍ അടുത്ത് തന്നെ താമസിക്കുന്ന ബന്ധുവിന്റെ കുളി മുറിയില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
വീടിന്റെ തറ സ്ഥാപിക്കാനാവശ്യമായ സഹായം കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് ദമ്പതികള്‍ സ്വരൂപിച്ചത്. തറ പൂര്‍ത്തിയായതോടെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും തുടര്‍ ജോലികള്‍ തുടരാന്‍ ജനുവരിയില്‍ ഉത്തരവിടുകയും ചെയ്തു. 1 64 ലക്ഷം രൂപ തുടര്‍ ജോലികള്‍ക്ക് വേണ്ടി പിന്നീട് ഇവര്‍ക്ക് അനുവദിക്കുകയും ചെയ്തു. മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളിലായി പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പക്ഷെ ഇത് വരെ ഒരു രൂപ പോലും തന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു.
ഗ്രാമ പഞ്ചായത്തിലേക്കും പാവഗട താലൂക്ക് ഓഫിലേക്കും ഇത് സംബന്ധിച്ച് അന്വേഷിച്ച് പോയെന്നും ഒരു നടപടിയും പ്രശ്നത്തിലുണ്ടായില്ലെന്നും പറയുന്നു.
രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാന്‍ കഷ്ടപ്പെടുന്ന ഭാര്യ ലക്ഷ്മി നരസമ്മ കര്‍ഷക തൊഴിലാളിയാണ്. ജോലിയില്ലാത്ത സമയത്ത് മകനെ ആശ്രയിക്കലാണെന്ന് ലക്ഷ്മി സരസമ്മ പറയുന്നു. ലക്ഷ്മി സരസമ്മയുടെ മകന് ബംഗളൂരുവില്‍ വില്‍പ്പനക്കാരനാണ്.
ഉദ്യോഗസ്ഥര്‍ ദമ്പതികളെ ശനിയാഴ്ച സന്ദര്‍ശിക്കുകയും ഇവരുടെ അവസ്ഥയില്‍ ഒരു മാറ്റവുമില്ലെന്ന് കണ്ട് ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോഴും ഭവനരഹിതരായി തുടരുന്ന ദമ്പതികള്‍ ഇപ്പോള്‍ ബന്ധുവിന്റെ വീടിന്റെ മുന്‍വശത്ത് താമസിക്കുകയാണ്. ഒരു വര്‍ഷം കുളിമുറിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ ബന്ധുവിനെ ഉദ്യോഗസ്ഥര്‍ വന്ന് നോട്ടീസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഉദ്യോഗസ്ഥര്‍ വന്ന് കുളി മുറി അടച്ച് പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍.