ചെന്നൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച മുന്‍ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കെ സന്തപ്രിയ എന്ന 25കാരിയെ ആണ് കാമുകന് കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം.
വ്യാഴാഴ്ചയാണ് വസന്തപ്രിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുംഭകോണത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു വസന്തപ്രിയ. സംഭവത്തില്‍ 24 കാരനായ ആര് നന്ദകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരാളുമായി വസന്തപ്രിയയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം യുവതി പഠിപ്പിക്കുന്ന സ്കൂളില്‍ നന്ദകുമാര്‍ എത്തി. തുടര്‍ന്ന് വസന്തപ്രിയയെ വിളിച്ച് തനിക്ക് സംസാരിക്കണമെന്ന് അറിയിച്ചു. സംസാരിച്ച് പിരിയാം എന്ന് പറഞ്ഞ് വസന്തപ്രിയയെ പ്രതി ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുംഭകോണം ചെന്നൈ പാതയില്‍ ഉമാമഹേശ്വരം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇരുവരും സംസാരിച്ചു.
തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും ഇനി ബന്ധം തുടരാനാവില്ലെന്നും വസന്തപ്രിയ പറഞ്ഞതോടെ പ്രതി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കൊല നടത്തുകയായിരുന്നു. കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ബൈക്കില്‍ പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു.