ന്യൂഡല്‍ഹി: ബാഗില്‍ ഇരുമ്പു ദണ്ഡ് കണ്ടെത്തിയത് വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞ അധ്യാപകനെ അതേ ഇരുമ്പ് ദണ്ഡിന് തലയ്ക്കടിച്ച് വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്നും ഇറങ്ങിയോടി. സാരമായി പരിക്കേറ്റ അധ്യാപകനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹി സാകേത് ഗവണ്മെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകനെ ക്രൂരമായി ആക്രമിച്ചത്. വിദ്യാര്‍ത്ഥിയ്ക്ക് എതിരെ ഐപിസി 308 പ്രകാരം പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. വഴിവിട്ട പോക്ക് മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതാണ് വിദ്യാര്‍ത്ഥിയെ പ്രകോപിപ്പിച്ചത്. ഉടനെ ഇരുമ്പ് ദണ്ഡിന് തലയ്ക്കടിയ്ക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അധ്യാപകനെയായിരുന്നു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്ലാസില്‍വെച്ചുതന്നെ അധ്യാപകന്റെ തലയിലും മുഖത്തും ദേഷ്യം അടങ്ങും വരെ ശക്തിയായി അടിയ്ക്കുകയായിരുന്നു. ശേഷം വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്കി. കുട്ടി ക്ലാസില്‍ വരാതിരിയ്ക്കുന്നത് പതിവായതും അധ്യാപകന് ചോദ്യം ചെയ്തിരുന്നു. ഇതും പ്രകോപനത്തിന് കാരണമായിട്ടുണ്ടാകാമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.