ലുധിയാന: ഏഴ് പവന്റെ സ്വര്‍ണ്ണാഭരണം വാങ്ങി ദമ്പതിമാര്‍ നല്‍കിയത് നിലവില്‍ ഇല്ലാത്ത ബാങ്കിന്റെ കറന്‍സി നോട്ടുകള്‍. 1.90 ലക്ഷം രൂപയുടെ വ്യാജനോട്ടുകള്‍ ഇവര്‍ നല്‍കിയത്. പോളിത്തീന്‍ കവറിലാക്കി നല്കിയ പണം ഇവര്‍ പോയതിനു ശേഷം ജ്വല്ലറി ഉടമ ശ്യാം സുന്ദര്‍ വര്‍മ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
ആഭരണം വാങ്ങിയതിന് പിന്നാലെ തുക ചോദിച്ച ശേഷം ധൃതിയില്‍ പണം നല്കി ഇവര്‍ സ്ഥലം വിട്ടതായി ശ്യാം പറഞ്ഞു. ഇതാണ് ജ്വല്ലറി ഉടമയില്‍ സംശയം ജനിപ്പിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം എന്റര്‍ടെയ്ന്റ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ദമ്പതിമാര്‍ എത്തിയ കാറിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.