ന്യൂഡല്‍ഹി: നാലു പേരെ സംശയകരമായ സാഹചര്യത്തില്‍ മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ വസതിക്ക് സമീപത്ത് നിന്ന് പിടികൂടി. ഇന്ന് രാവിലെ ഇവരെ പിടികൂടിയത് അലോക് വര്‍മ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ്.
ഇവര്‍ വര്‍മ്മയെ നിരീക്ഷിക്കാനായി എത്തിയ ഐബി ഉദ്യോഗസ്ഥരാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവരെ ചോദ്യം ചെയ്ത് വരുന്നു. കഴിഞ്ഞ അര്‍ധരാത്രിയാണ് പരസ്പരം അഴിമതി ആരോപണങ്ങളുന്നയിച്ച ഡയറക്ടര്‍ അലോക് വര്‍മ്മയെയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും ചുമതലകളില്‍ നിന്ന് നീക്കിയത്.
പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായാണ് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന അറിയപ്പെടുന്നത്. ഇദ്ദേഹത്തെ സ്പെഷ്യല്‍ ഡയറക്ടറായി നിയമിച്ചപ്പോള്‍മുതല്‍ അലോക് വര്‍മ്മയും അസ്താനയും ശീതസമരത്തിലായിരുന്നു. അസ്താനയുടെ നിയമനത്തെ കേന്ദ്ര വിജിലന്‍സ് കമ്മിഷനില്‍ വര്‍മ്മ എതിര്‍ത്തു. അസ്താനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഗസ്തവെസ്റ്റ്ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്, വിജയ് മല്യയുടെ വായ്പത്തട്ടിപ്പ് തുടങ്ങി രാഷ്ട്രീയപ്രാധാന്യമുള്ള പ്രധാന കേസുകള്‍ അന്വേഷിച്ചിരുന്നത്.