ആല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച അക്ബര്‍ ഖാനെ ആശുപത്രിയിലെത്താന്‍ വൈകിയെന്ന് സമ്മതിച്ച് റാംഗഢ് സ്റ്റേഷന് എഎസ്ഐ. താന്‍ തെറ്റ് ചെയ്തുവെന്ന് ഏറ്റ് പറഞ്ഞ എഎസ്ഐ മോഹന്‍ സിംഗ് ഇക്കാര്യത്തില്‍ ശിക്ഷയേറ്റ് വാങ്ങാന്‍ തയ്യാറാണെന്നും അറിയിച്ചു. ഇതിന് പിന്നാലെ മോഹന്‍ സിംഗനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും മറ്റ് രണ്ട് പേരെ സ്ഥലം മാറ്റുകയും ചെയ്തു.
തന്റെ ഭാഗത്തു തെറ്റു സംഭവിച്ചെന്നു തുറന്നു പറഞ്ഞുള്ള റാംഗഢ് സ്റ്റേഷന് എഎസ്ഐ മോഹന്‍ സിങ്ങിന്റെ വിഡിയോ വൈറലായതിനെത്തുടര്‍ന്നാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. ‘ഞാന്‍ തെറ്റു ചെയ്തു. എന്നെ ശിക്ഷിക്കൂ, അല്ലെങ്കില്‍ എന്നോടു ക്ഷമിക്കൂ…’ എന്ന അഭ്യര്‍ഥനയോടെയായിരുന്നു മോഹന്‍ സിങ്ങിന്റെ വിഡിയോ. ഇരുപത്തിയെട്ടുകാരനായ അക്ബറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന് പൊലീസ് നിയോഗിച്ച നാലംഗ സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടി.
പശുക്കളുമായി വീട്ടിലേക്ക് പോകുന്ന വഴി കഴിഞ്ഞ ദിവസമാണ് അക്ബര്‍ ഖാനെയും സുഹൃത്ത് അസ്ലമിനെയും ഒരു സംഘം മര്‍ദ്ദിച്ചത്. കാലിക്കടത്ത് ആരോപിച്ച് ഇരുവര്‍ക്കും നേരെ കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. വിവരമറിഞ്ഞ് ഒരു മണിയോടെ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പുലര്‍ച്ചെ നാല് മണിയ്ക്കാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ അപ്പോഴേക്കും അക്ബര്‍ ഖാന് മരിച്ചിരുന്നു. അക്ബര്‍ ഖാനില്‍ നിന്നും പിടിച്ചെടുത്ത പശുക്കളെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിച്ച് കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ കൊണ്ട് പോകും വഴി ചായ കുടിക്കാനായി പോലീസ് വാഹനം നിറുത്തിയതായും ആരോപണമുണ്ട്.
അതേസമയം, സംഭവത്തില്‍ പോലീസിനെ കുരുക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആരോഗ്യത്തോടെ ഇരിക്കുന്ന അക്ബര്‍ ഖാന്റെ ചിത്രം പുറത്തുവന്നതാണ് അക്രമത്തില്‍ പോലീസ് സംഘത്തിനും അക്രമത്തില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമാക്കിയത്. പോലീസ് വാഹനത്തില്‍ അക്ബര്‍ ഖാനെ മര്‍ദ്ദിക്കുന്നത് കണ്ടതായി ഒരു ദൃക്സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. തങ്ങള്‍ എംഎല്‍എയുടെ ആളുകളാണെന്നും തങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അക്രമികള്‍ വിളിച്ചു പറയുന്നത് കേട്ടതായി സംഭവത്തില്‍ രക്ഷപ്പെട്ട അസ്ലമും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതിനിടെ പോലീസിനെ സംരക്ഷിക്കാന്‍ ബിജെപി എംപി രംഗത്തെത്തി. എംപിയായ സിആര്‍ ചൗധരിയാണ് പോലീസ് അവരുടെ കടമ നിര്‍വഹിച്ചെന്നും മാധ്യമങ്ങളാണു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയത്. പരുക്കേറ്റയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി. എന്നിട്ടും മാധ്യമങ്ങള്‍ തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നായിരുന്നു നാഗൗര്‍ എംപിയായ ചൗധരിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് തെറ്റ് ഏറ്റു പറഞ്ഞുള്ള എഎസ്ഐയുടെ വീഡിയോ വൈറലായതും സസ്പെന്ഷന് ലഭിക്കുന്നതും.