ന്യൂഡല്‍ഹി: പുരോഗമന വാര്‍ത്താപത്രമായ ദേശേര്‍കഥയുടെ രജിസ്ട്രേഷന് റദ്ദാക്കിയ ബിജെപിയ്ക്കെതിരെ സിപിഎമ്മിന്റെ വന്‍ പ്രതിഷേധം. ത്രിപുരയിലെ ബിജെപി സര്‍ക്കാറിന്റെ നടപടിയെയാണ് സിപിഎം പോളിറ്റ് ബ്യൂറോ എതിര്‍ത്തത്.
ത്രിപുരയിലെ പ്രമുഖ ദിനപത്രമായ ദേശേര്‍കഥ 40 വര്‍ഷമായി പ്രസിദ്ധീകരിച്ചുവരികയാണ്.
അടിസ്ഥാനരഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വെസ്റ്റ് ത്രിപുര ജില്ലാ കളക്ടര്‍ പത്രത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത്. രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് പത്രത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുകയും ചെയ്തു.
പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്നമായ ആക്രമണമാണിത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ദേശേര്‍കഥയ്ക്ക് പ്രസിദ്ധീകരണം നിര്‍ത്തേണ്ടി വന്നുവെന്നത് ദുഃഖകരമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തിനെതിരെ ജനാധിപത്യശക്തികളാകെ പ്രതിഷേധമുയര്‍ത്തണമെന്ന് പൊളിറ്റ്ബ്യൂറോ ആഹ്വാനംചെയ്തു. പ്രചാരണത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ ദിനപത്രമാണ ദേശേര്‍കഥ.