ന്യൂഡല്‍ഹി: സര്‍വകലാശാലയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഡേ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ജിക്കല്‍ സ്ട്രൈക്ക് ഡേ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മറിച്ച് നിര്‍ദേശം മാത്രമാണ് യുജിസി നല്‍കിയിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമില്ല. രാജ്യസ്നേഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ജിക്കല്‍ സ്ട്രൈക്ക് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍ സൈനികരുടെ ക്ലാസുകള്‍ നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ യുജിസി സര്‍വകലാശാലകള്‍ക്ക് നോട്ടീസ് നല്‍കിയതിനെതിരേ കോണ്‍ഗ്രസാണ് ആദ്യം രംഗത്തെത്തിയത്. യുജിസിയുടെ ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ യുജിസി ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. ഇത്തരം സര്‍ക്കുലറുകള്‍ രാജ്യത്തിന് നാണക്കേടാണ്. സര്‍വകലാശാലകളുടെ അധികാരങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.