ന്യൂഡല്‍ഹി : അദാനി, എസ്സാര്‍, ടാറ്റ തുടങ്ങി വന്‍കിട കോര്‍പ്പറേറ്റുകളുടെ ഊര്‍ജ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ നീക്കം. കല്‍ക്കരി താപനില പദ്ധതികള്‍ ഏറ്റെടുക്കനാണ് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തത്. കോര്‍പറേറ്റുകള്‍ വിവിധ ബാങ്കുകളില്‍നിന്ന് കൈപ്പറ്റിയ 9,000 കോടിരൂപയുടെ വായ്പകള്‍ എഴുതിത്തള്ളാനുള്ള നീക്കവും സജീവമായി.
ഇന്തോനേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില വര്‍ധിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ പദ്ധതികള്‍ പൊതുധനം മുടക്കി ഏറ്റെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. എസ്സാര്‍ ഗ്രൂപ്പിന്റെ ഊര്‍ജപദ്ധതി നിഷ്ക്രിയാസ്തിയായി പ്രഖ്യാപിച്ചതിനെ തുടര്ന്നാണ്കോര്പറേറ്റുകളെ ഏറ്റെടുക്കാനുള്ള നീക്കം. ഇതിന്റെ ആദ്യപടിയായാണ് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ആര് കെ അഗര്‍വാള്‍ അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി രൂപീകരിച്ചത്. നഷ്ടം സര്‍ക്കാരും പൊതുജനങ്ങളും ബാങ്കുകളും വഹിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്.
ഇന്തോനേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കല്ക്കരിവിലവര്ധിപ്പിച്ചതിനെതുടര്ന്ന് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേറ്റുകള്‍ അധികൃതരെ സമീപിച്ചു. നിരക്ക് വര്‍ധിപ്പിക്കാമെന്ന് കേന്ദ്ര വൈദ്യുതി നിയന്ത്രണകമീഷന് ഉത്തരവിട്ടെങ്കിലും സുപ്രീംകോടതി ഉത്തരവ് റദ്ദാക്കി.