മധേപുര: ബീഹാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ പോലും ചികിത്സിക്കുന്നത് ക്ലീനിംഗ് ജോലിക്കാര്‍. മധേപുര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദാരുണ സംഭവം.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ മുറിവ് തുന്നുന്നതും ജീവന് രക്ഷാ ഇന്‍ജക്ഷനുകള്‍ നല്‍കുന്നതും രക്തം മാറ്റി നല്കുന്നതുമെല്ലാം ക്ലീനിംഗ് ജോലിക്കാരാണ്. ക്ലീനിംഗ് ജോലിക്ക് പുറമെയാണ് ഇത്തരം ജോലികള്‍ കൂടി ഇവര്‍ ചെയ്യുന്നത്.
ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനാലാണ് ക്ലീനിംഗ് ജോലിക്കാര്‍ രോഗികളെ പരിചരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ദിവസവും 700-800 രോഗികള്‍ ചികിത്സ തേടി വരുന്ന ആശുപത്രിയാണ് മധേപുരയിലേത്. ജീവനക്കാരുടെ ഒഴിവ് നികത്താന്‍ പല തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ലെന്നും അധികൃതര്‍ പറയുന്നു. 64 പാരാമെഡിക്കല്‍ സ്റ്റാഫും 19 ഡോക്ടര്‍മാരും മാത്രമാണ് ആശുപത്രിയിലുള്ളത്.
സര്‍ജന്റെ പോസ്റ്റ് ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അതിനാല്‍ റോഡപകടങ്ങളിലും മറ്റും പെട്ട് ചികിത്സ തേടി വരുന്നവരെ കൃത്യമായി പരിചരിക്കാന്‍ കഴിയുന്നില്ല. ക്ലീനിംഗ് ജീവനക്കാര്‍ രോഗികളെ ചികിത്സിച്ച് അവര്‍ വൈദഗ്ധ്യം നേടിയ പാരാമെഡിക്കല്‍ ജീവനക്കാരായി മാറിയെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.