രാജ്യമെമ്പാടും ഇന്ധന വില കുതിച്ചുയരുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാവുമ്പോള്‍ ജനരോഷത്തെ കാറ്റില്‍ പറത്തിക്കൊണ്ട് ബിജെപി മന്ത്രി രംഗത്ത്. വില കൂടുതലാണെങ്കില്‍ ജനങ്ങള്‍ കുറച്ച് ഇന്ധനം മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് രാജസ്ഥാനിലെ ബിജെപി മന്ത്രി രാജ്കുമാര് റിന്‍വ പറയുന്നത്. ഇന്ധന വില വര്‍ദ്ധനവിനെ ന്യായീകരിച്ച് സംസാരിച്ച മന്ത്രി ജനങ്ങള്‍ക്ക് ദേശീയത കുറവാണെന്നും അഭിപ്രായപ്പെട്ടു.
ലോക വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നും രാജ്കുമാര് റിന്‍വ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില ഇതിനെക്കാള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ടെന്നും ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും റിന്‍വ കൂട്ടിച്ചേര്‍ത്തു.
പ്രളയം പോലുള്ള ദുരന്തങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനായി ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ടെന്നും ഇന്ധന വില ചെറുതായി വര്‍ദ്ധിച്ചപ്പോള്‍ അതിനായി പണം ചെലവഴിക്കാന്‍ ജനങ്ങള്‍ തയാറാവുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ദേശീയത കൂടുതലാണ്. ഇന്ധനത്തിന് വില കൂടുകയാണെങ്കില്‍ ദേശീയതയുടെ പേരില്‍ ജനങ്ങള്‍ക്ക് കുറച്ചൊക്കെ ത്യാഗം സഹിക്കാമെന്നും രാജ്കുമാര് റിന്‍വ പറഞ്ഞു. ബി.ജെ.പി മന്ത്രി പറയുന്നത് തികച്ചും അസംബന്ധമായ കാര്യമാണെന്നും യാഥാര്‍ത്ഥ്യത്തില്‍ നിന്നും മന്ത്രി വിട്ടു നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ബി.ജെ.പി നേതാക്കള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനാവാത്ത ധിക്കാരികളാണെന്നും സച്ചിന് പറഞ്ഞു.