ന്യൂഡല്‍ഹി; സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്തുളള ഹര്‍ജി നാളത്തേക്ക് മാറ്റി. നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി നാളത്തേക്ക് മാറ്റിവെച്ചത്.
ഡിഎം വയനാട്, തൊടുപുഴ അല്‍ അസര്‍, പാലക്കാട് പികെ ദാസ്, വര്‍ക്കല എസ്ആര്‍ എന്നീ മെഡിക്കല്‍ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഈ കോളേജുകളെ സ്പോട്ട് അഡ്മിഷനില്‍ ഉള്‍പ്പെടുത്തിയത്. ഈ നാലു കോളേജുകളിലും മറ്റ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും നടന്ന സ്പോട്ട് അഡ്മിഷന് ആകെ പ്രതിസന്ധിയിലായി.
715 മെഡിക്കല്‍ സീറ്റുകളിലേക്കായിരുന്നു സ്പോട്ട് അഡ്മിഷന്. നാലു കോളേജുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമായി പുറത്താക്കിയാലും പ്രശ്നം തീരില്ല. സര്‍ക്കാര്‍ കോളേജിലെ ബിഡിഎസ് സീറ്റ് വേണ്ടെന്ന് വെച്ച് ഈ നാലു കോളേജുകളില്‍ എംബിബിഎസ് പ്രവേശനം നേടിയവരുണ്ട്. പഴയ നിലയിലേക്ക് ഒഴിവുകള്‍ മാറ്റി വീണ്ടും സ്പോട്ട് അഡ്മിഷന് നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടേക്കാം.
കോടതി പ്രവേശനം അസാധുവാക്കിയാല്‍ ചൊവ്വ, ബുധന്‍ തിയ്യതികളില്‍ നടന്ന സ്പോട്ട് അഡ്മിഷന് മുഴുവന്‍ റദ്ദാക്കി. ആദ്യം മുതല്‍ വീണ്ടും പ്രവേശന നടപടി തുടങ്ങാനും സാധ്യതയുണ്ട്. എല്ലാം പത്താം തിയ്യതിക്കുള്ളില്‍ പൂര്‍ത്തിയാക്കണം. പ്രളയം കണക്കിലെടുത്താണ് മെഡിക്കല്‍ കൗണ്‍സില്‍ കേരളത്തിലെ പ്രവേശന നടപടി പത്ത് വരെ നീട്ടിയത്.