ന്യൂഡല്‍ഹി: ബിജെപിയ്ക്കെതിരെ ട്വീറ്റ് പ്രത്യക്ഷിപ്പെട്ടതില് പ്രതികരണവുമായി ബിജെപി നേതാവ് തരുണ്‍ വിജയ്. തന്റെ ടൈംലൈനില്‍ പ്രത്യക്ഷപ്പെട്ട ബിജെപി വിരുദ്ധ ട്വീറ്റുകള്‍ തന്റെ അനുവാദമില്ലാതെ പോസ്റ്റു ചെയ്യപ്പെട്ടതാണെന്നും അക്കൗണ്ടിന്റെ പാസ്വേര്ഡ് ദുരുപയോഗം ചെയ്യപ്പെട്ടതുമാണെന്നും തരുണ്‍ പറയുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും തരുണ്‍ വ്യക്തമാക്കി.
‘ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിനും തെറ്റായ സ്ന്ദേശങ്ങള്‍ വിശ്വസിക്കാതിരുന്നതിനും നന്ദി. വീടു മാറുന്നതിനിടയില്‍ എങ്ങനെയോ സംഭവിച്ചതാണത്. എന്റെ പാസ്വേഡ് ദുരുപയോഗം ചെയ്യപ്പെട്ടു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്റെ ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കു നന്ദി’ തരുണിന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
തന്റെ അക്കൗണ്ടില്‍ നിന്നും വന്ന തെറ്റിദ്ധാരണാജനകമായ ട്വീറ്റുകള്‍ 2019 മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് തരുണ്‍ വിജയ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇത് തനിക്കെതിരെയുള്ള പദ്ധതിയാകാന്‍ സാധ്യതയുണ്ട്. മോഡിക്കും അമിത് ഷായ്ക്കും വേണ്ടി മരിക്കാന്‍ പോലും താന്‍ തയ്യാറാണ്. തങ്ങളെപ്പോലുള്ള പ്രവര്‍ത്തകര്‍ക്ക് ഇവരിരുവരും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയ്ക്കും ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയ്ക്കും തുല്യരാണ്, തരുണ്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാനും എന്റെ കുടുംബവും രാവും പകലും ജോലി ചെയ്യുന്നത് അദ്ദേഹത്തിനു വേണ്ടിയാണ്. ബിജെപിക്കായി എന്റെ കുടുംബം മരിക്കാന്‍ വരെ തയ്യാറാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഗൂഢാലോചനയാണ്. ബിജെപി വിരുദ്ധ കക്ഷികളില്‍ നിന്നും എന്നെ എങ്ങനെയെങ്കിലും രക്ഷിക്കൂ’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.