കടുത്ത മാനസിക പിരിമുറുക്കം ഉള്ളപ്പോള്‍ അല്ലെങ്കില്‍ വിപരീത സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍, നിങ്ങള്‍ തിരക്കിലാവുന്നത് നല്ലതാണ്. ഇത് ശരിയായ ദിശയില്‍ ഊര്‍ജത്തെ തിരിച്ചുവിടുന്നതിനും ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും സഹായകമാവും. ഹ്രസ്വകാലത്തേക്ക് ആയിരുന്നാലും ദീര്‍ഘകാലത്തേക്ക് ആയിരുന്നാലും പിരിമുറുക്കം കുറയ്ക്കുന്നതിന് ഉപകാരപ്രദമായ ചില വഴികളാണ് താഴെ പറയുന്നത്;
വ്യായാമം (Exercise)
വ്യായാമം ചെയ്യുമ്പോള്‍, സുഖപ്രദമായ അനുഭവം പ്രദാനം ചെയ്യുന്ന, എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നു. ഇത് നിങ്ങളുടെ മനോനിലയില്‍ വ്യത്യാസമുണ്ടാക്കുന്നു. ഇതിനായി നിങ്ങള്‍ മണിക്കൂറുകള്‍ ചെലവാക്കേണ്ടതില്ല, വെറും 20 മിനിറ്റ് നേരത്തെ ജോഗിംങ്ങ്, നീന്തല്‍ അല്ലെങ്കില്‍ മറ്റു വ്യായാമങ്ങള്‍ മതിയാവും.
സംഗീതം (Music)
സംഗീതത്തിന് പിരിമുറുക്കം കുറയ്ക്കാനുള്ള ശക്തിയുണ്ടെന്ന കാര്യം വളരെക്കാലം മുമ്പു മുതല്ക്കേ അംഗീകരിക്കപ്പെട്ട കാര്യമാണ്. നല്ല ഒരു പാട്ട് നിങ്ങളുടെ മനസ്സ് ശാന്തമാക്കുക മാത്രമല്ല, നിങ്ങളുടെ ഹൃദയമിടിപ്പ് സാധാരണനിലയിലെത്തിക്കുകയും പിരിമുറുക്കം ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ നില കുറയ്ക്കുകയും ചെയ്യും.
നൃത്തം (Dance)
നിങ്ങളുടെ വൈകാരിക പ്രകടനത്തിന്റെയും സൃഷ്ടിപരതയുടെയും ബഹിര്‍ഗമനമായി നൃത്തത്തെ കാണാന്‍ സാധിക്കും. ഇത് നിങ്ങളുടെ ഊര്‍ജത്തെ ആരോഗ്യകരമായ പാതയിലേക്ക് തിരിച്ചുവിടുന്നു. നിങ്ങളുടെ മനോനിലയെ ശാന്തമാക്കാന്‍ സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളും നൃത്തം ചെയ്യുന്നതിലൂടെ സ്വതന്ത്രമാക്കപ്പെടുമെന്ന കാര്യം മറക്കരുത്.
പുസ്തകങ്ങള്‍ (Books)
ഇഷ്ടപ്പെട്ട ഒരു പുസ്തകം, അത് നോവലോ കോമിക്കോ വാരികയോ എന്തുമാവട്ടെ, വായിക്കുന്നത് അനായാസത കൈവരിക്കാന്‍ ഏറ്റവും നല്ല ഒരു മാര്‍ഗമാണ്. ചിലര്‍ക്ക്, വായനയ്ക്ക് ഒപ്പം ഒരു കപ്പ് കാപ്പിയോ ചായയോ കൂടി ആയാല്‍ പിരിമുറുക്കം കുറയ്ക്കാന്‍ മറ്റൊന്നും വേണ്ടിവരില്ല!
അടിപൊളി വസ്ത്രധാരണം (Get dressed)
ജീന്‍സ്, കടുത്ത നിറത്തിലുള്ള ഒരു കുര്‍ത്ത, നന്നായി എംബ്രോയിഡറി ചെയ്ത ഒരു സാരി അല്ലെങ്കില്‍ എന്തുമാവട്ടെ, ഇഷ്ടപ്പെട്ട വസ്ത്രം എടുത്ത് ധരിക്കുക. ഇഷ്ടവസ്ത്രം ധരിക്കുമ്പോള്‍ മനോനിലയില്‍ മാറ്റമുണ്ടാവുകയും അത് നിങ്ങള്‍ക്ക് പുതിയൊരു ഊര്‍ജം നല്‍കുകയും ചെയ്യും.
ഇഷ്ടവിനോദങ്ങള്‍ (Hobbies)
പിരിമുറുക്കം കുറയ്ക്കുന്നതില്‍ ഇഷ്ട വിനോദങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിനോദങ്ങളില്‍ മുഴുകുക. ഒരു നീണ്ട ഡ്രൈവ്, പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, പുതിയ ഉപകരണം അല്ലെങ്കില്‍ പുതിയ ഭാഷ പഠിക്കുക, അങ്ങനെ എന്തും. ഇത് നിങ്ങളുടെ മനസ്സിനെ പിരിമുറുക്കത്തില്‍ നിന്ന് വ്യതിചലിപ്പിക്കും എന്നു മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വത്തിന്റെ പുതിയൊരു വശം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും.
ദീര്‍ഘകാലം നീണ്ടുനില്ക്കുന്നതും ചികിത്സിക്കാത്തതുമായ പിരിമുറുക്കം ഉത്കണ്ഠാരോഗം, ഉറക്കമില്ലായ്മ, പേശീവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമായേക്കാം. നിങ്ങള്‍, ദീര്‍ഘകാലമായി പിരിമുറുക്കത്തെ അഭിമുഖീകരിക്കുകയാണെങ്കില്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്.