കോഴിക്കോട്: ഇന്ന് വൈകീട്ട് അഞ്ചിന് കേരളാ എഫ്സി ശനിയാഴ്ച ഇന്ത്യന്‍ യുവനിര ആരോസിനെതിരേ ഇറങ്ങുന്നു. ഐ ലീഗ് ഫുട്ബോളിലെ മോശം പ്രകടനത്തില്‍ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെയാണ് ഗോകുലം കളിക്കളത്തില്‍ എത്തുന്നത്. മത്സരം കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ്.
കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും നടന്ന കഴിഞ്ഞ മത്സരത്തില്‍ റിയല്‍ കാശ്മീരിനോട് തോറ്റതോടെ പട്ടികയില്‍ ഗോകുലം പത്താംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തോറ്റെങ്കിലും പ്രതികൂലസാഹചര്യത്തില്‍ പൊരുതി നില്‍ക്കാനായത് ഗോകുലത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനാല്‍ മത്സരശേഷം കളിക്കാര്‍ ദിവസങ്ങളോളം ശ്രീനഗറില്‍ കുടുങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ഐസോളുമായി കോഴിക്കോട് പത്തിന് നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെക്കുകയായിരുന്നു.
ഇനി ബാക്കിയുള്ള അഞ്ച് മത്സരങ്ങളില്‍ മികച്ച പ്രകടനത്തോടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെങ്കിലും എത്താനാവുമെന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ എന്ന് ടെക്നിക്കല്‍ ഡയറക്ടര്‍ ഗിഫ്റ്റ് റെയ്ഖാന് പറഞ്ഞു. ടീം ലക്ഷ്യമിടുന്നത് സൂപ്പര്‍ കപ്പ് യോഗ്യതയാണ്. 15 മത്സരങ്ങളില്‍ രണ്ട് ജയമാണ് ഗോകുലത്തിന് നേടാനായത്. ആറു കളികള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ തോല്‍വി വഴങ്ങി.