കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ ഈ മാസം 25ന് പുനഃരാരംഭിക്കും. ഏഷ്യന്‍ കപ്പ് ഫുട്ബോളിനായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നത്. ഐഎസ്എല്‍ മല്‍സരങ്ങള്‍ ഉടന്‍ ആരംഭിക്കുന്നത് ഏഷ്യന്‍ കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ത്തന്നെ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ്.
കേരളാ ബ്ലാസ്റ്റേഴ്സും എടികെയും രണ്ടാം ഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ കൊച്ചിയില്‍ ഏറ്റുമുട്ടും. ഇരു ടീമുകളും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തോടെയായിരുന്നു സീസണിനു തുടക്കം കുറിച്ചതും. ക്രമീകരണം മാര്‍ച്ച് മൂന്നിന് എടികെയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ നടക്കുന്ന മല്‍സരത്തോടെ ലീഗ് മല്‍സരങ്ങള്‍ അവസാനിക്കും വിധമാണ്.
25നു കൊച്ചിയില്‍ നടക്കുന്നത് പരിശീലകന് ഡേവിഡ് ജയിംസ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷമുള്ള ആദ്യ മല്‍സരമാണ്. ടീമിലെ ചില പ്രമുഖ താരങ്ങളും മറ്റു ടീമുകളിലേക്കു ചേക്കേറിയേക്കുമെന്ന് ശ്രുതിയുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇക്കാര്യത്തില്‍ അന്തിമ ചിത്രം ഈ മാസം 31ന് ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കുന്നതോടെ മാത്രമേ തെളിയുകയുള്ളു.
നിലവില്‍ ഒന്നാം സ്ഥാനത്ത് 11 മല്‍സരങ്ങളില്‍നിന്ന് 27 പോയിന്റുമായി ബെംഗളൂരു എഫ്സിയാണ്. 12 മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റുമായി മുംബൈ രണ്ടാമതും 20 പോയിന്റുവീതമുള്ള എഫ്സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ മൂന്നും നാലും സ്ഥാനത്തുമാണ്. കേരളാ ബ്ലാസ്റ്റേഴ്സ് 12 മല്‍സരങ്ങളില്‍നിന്ന് ഒന്‍പതു പോയിന്റ് മാത്രമായി എട്ടാം സ്ഥാനത്താണ് ഉള്ളത്.