മാഡ്രിഡ്: റയല്‍ മാഡ്രിഡ് വീണ്ടും വിജയവഴിയില്‍. ഐബറിനെതിരായ തോല്‍വിക്ക് ശേഷമാണ് ഇത്. ഒപ്പം ഇറ്റലിയില്‍ യുവന്റസ് കുതിപ്പ് തുടരുകയാണ്. റയല്‍ സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന മത്സരത്തില്‍ വലന്‍സിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. യുവന്റസിന്റെ വിജയം സീരി എയില്‍ ഫിയറെന്റീനോയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു.
റയല്‍ മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ഡാനിയല്‍ വാസിന്റെ സെല്‍ഫ് ഗോളിലൂടെ ലീഡെടുത്തു. പിന്നീട് 83ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ വന്നത്. ലൂകാസ് വാസ്കസ് ആയിരുന്നു ഗോള്‍ സ്കോറര്‍. വിജയത്തോടെ 14 മത്സരങ്ങളില്‍ 23 പോയിന്റുമായി റയല്‍ അഞ്ചാം സ്ഥാനത്തെത്തി.
യുവന്റസ് 31ാം മിനിറ്റില്‍ ബെന്റകുറിന്റെ ഗോളോടെ ലീഡെടുത്തു. രണ്ടാം പകുതിയില്‍ ചെല്ലീനിയുടെ ഡൈവിങ് വോളിയിലൂടെ യുവന്റസ് ലീഡുയര്‍ത്തി. 79ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ കൂടി ലക്ഷ്യം കണ്ടതോടെ യുവന്റസ് വിജയമുറപ്പിച്ചു. ഇതോടെ 14 മത്സരങ്ങളില്‍ 40 പോയിന്റുമായി ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.