കോഴിക്കോട്: ഐ ലീഗ് പുതിയ സീസണില്‍ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തെ മോഹന്‍ ബഗാനോട് ഗോകുലം സമനില വഴങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് വഴങ്ങിയ ഗോകുലം രണ്ടാം പകുതിയില്‍ നേടിയ സെല്‍ഫ് ഗോളിനാണ് സമനില സ്വന്തമാക്കിയത്. മത്സരം ആരംഭിച്ചത് തന്നെ ഗോകുലത്തിന്റെ മുന്നേറ്റത്തോടെയാണ്. ഗോകുലം നായകന് മുഡ്ഡെ മുസെയുടെ വലംകാലന്‍ ഷോട്ട് മോഹന്‍ ബഗാന് ഡിഫന്‍ഡര്‍ കിമ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാല്‍ തുടക്കം മുതല്‍ തന്നെ ഇടുതു വിങ്ങിലൂടെയുള്ള ബഗാന് താരം പിന്റു മഹാത്തയുടെ മുന്നേറ്റം ഗോകുലത്തിന് തലവേദന സൃഷ്ടിച്ചു. പിന്റുവിന്റെ മുന്നേറ്റം ഗോകുലത്തിന് ഒരു മഞ്ഞ കാര്‍ഡ് ലഭിക്കാനും കാരണമായി. ഇടതു വിങ്ങിലൂടെ മുന്നേറിയ പിന്റു നല്കിയ പാസ് സ്വീകരിച്ച് ഉള്ളിലേക്കു കടക്കാനുള്ള അഭിഷേക് അംബേദ്ക്കറുടെ ശ്രമം തടഞ്ഞ ഗോകുലത്തിന്റെ സല്മാന് 21ാം മിനിറ്റില്‍ മഞ്ഞ കാര്‍ഡ് ലഭിച്ചു.
23ാം മിനിറ്റില്‍ ഹെന്‍ട്രി, ഗോകുലത്തിന്റെ ഗോള്‍ കീപ്പര്‍ ഷിബിന്‍രാജിന്റെ തലയ്ക്കു മുകളിലൂടെ ചിപ് ചെയ്ത പന്ത് അഭിഷേക് ദാസിന്റെ കൃത്യമായ ഇടപെടലിലൂടെ ഗോളാകാതെ പോകുകയായിരുന്നു.
ഗോകുലം പരിശീലകന് ബിനോ ജോര്‍ജ് 32ാം മിനിറ്റില്‍ സല്മാന് പകരം പ്രീതം സിങ്ങിനെ കളത്തിലിറക്കി. പിന്നാലെ 40ാം മിനിറ്റില്‍ ബഗാന്റെ ഗോള്‍ പിറന്നു. ദീപക്കിന്റെ ഫൗളിന് ലഭിച്ച ഫ്രീകിക്ക്. അര്‍ജിത്ത് ബാഗിയുടെ കിക്കിന് തലവെച്ച മുന്‍ ഗോകുലം താരം ഹെന്‍ട്രി കിസെക്ക ബഗാന് ലീഡ് നേടിക്കൊടുത്തു. മത്സരത്തിലുടനീളം ഗോകുലത്തിന്റെ മുന്നേറ്റത്തില്‍ ജെര്മന്റെ ഫോമില്ലായ്മ നിഴലിച്ചു. രണ്ടാഴ്ചകള്‍ക്കു മുന്‍പേറ്റ പരിക്ക് ജെര്മന്റെ പ്രകടനത്തെ ബാധിച്ചിരുന്നു
രണ്ടാം പകുതിയിലുടനീളം മികച്ച പ്രകടനങ്ങളോടെ ഗോകുലം കളംപിടിച്ചു. 48ാം മിനിറ്റില്‍ ബ്രസീല്‍ താരം കാസ്ട്രോയുടെ ഷോട്ട് തലനാരിഴയ്ക്കാണ് പുറത്തേക്കുപോയത്.
50ാം മിനിറ്റില്‍ ഗനി നിഗത്തിനു പകരം കേരള താരം രാജേഷ് കളത്തിലുറങ്ങിയതോടെ ഗോകുലത്തിന്റെ കളിക്ക് ചൂടുപിടിച്ചു. ബഗാന്റെ പിന്റുവിന് ഗോകുലത്തിന്റെ മറുപടിയായിരുന്നു മധ്യനിരയില്‍ മികച്ച പാസുകളുമായി നിറഞ്ഞുകളിച്ച അര്ജുന്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അര്‍ജുനാണ്. 69ാം മിനിറ്റില്‍ അര്‍ജുനും രാജേഷും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോകുലത്തിന് ഗോള്‍ സമ്മാനിച്ചത്. ബോക്സില്‍വെച്ച് ക്ലിയര്‍ ചെയ്യപ്പെട്ട പന്ത് രാജേഷ് ഹെഡറിലൂടെ ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.