ഫറ്റോര്‍ഡ: 17ാം ഐഎസ്എല്‍ മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് എഫ്സി ഗോവ തറപറ്റിച്ചു.
മുംബൈയ്യുടെ എല്ലാ പരിശ്രമങ്ങളേയും നിഷ്പ്രഭമാക്കിയ പ്രകടനമാണ് സ്വന്തം മൈതാനത്ത് ഗോവ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം ലീഡുണ്ടായിരുന്ന ഗോവ രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് ഗോവന്‍ വലയിലെത്തിച്ചത്. ആക്രമിച്ചു മാത്രമേ കളിക്കൂ എന്ന ഗോവന്‍ പരിശീലകന് ലൊബേരയുടെ വാക്കിന്റെ ബലം അദ്ദേഹത്തിന്റെ കുട്ടികള്‍ കളത്തില്‍ കാണിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി ഗോവ ഇതുവരെ എതിരാളികളുടെ വലയിലെത്തിച്ചത് പത്തു ഗോളുകളാണ്.
മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ ഗോവ മുന്നിലെത്തി. മുംബൈ താരം സൗവിക് ഘോഷ്, ഫെറാന്‍ കോറോമിനാസിനെ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കോറോ തന്നെ ലക്ഷ്യം കാണുകയും ചെയ്തു.
ഗോവ രണ്ടാമത്തെ ഗോള്‍ നേടുന്നത് 55ാം മിനിറ്റിലാണ്. ഗോവന്‍ ജേഴ്സിയില്‍ ജാക്കിച്ചന്ദ് സിങ്ങിന്റെ ആദ്യ ഗോളായിരുന്നു അത്. സെറിട്ടണ് ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. പിന്നാലെ എഡു ബേഡിയ ഗോവയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
അവസാന പത്തു മിനിറ്റില്‍ മിഗ്വല്െ പലാങ്ക ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകള്‍ കൂടിയായതോടെ ഗോവയുടെ മുംബൈ വധം പൂര്‍ത്തിയായി. 84, 90 മിനിറ്റുകളിലായിരുന്നു ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. ഇതോടെ മൂന്നുകളികളില് നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. മുംബൈ ഏഴാം സ്ഥാനത്താണ് ഇപ്പോള്‍.