ലിസ്ബണ്‍: ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് യുവേഫാ നാഷണ്‍സ് കപ്പില്‍ പോര്‍ച്ചുഗല്‍ വിജയം നേടി. പോര്‍ച്ചുഗലിനുവേണ്ടി 48-ാം മിനിറ്റില്‍ ആന്ദ്രെ സില്‍വയാണ് വിജയഗോള്‍ നേടിയത്. ഇതോടെ ലീഗ് എ ഗ്രൂപ്പ് ത്രീയില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി.
പോര്‍ച്ചുഗല്‍ ഇത്തവണ കളിക്കളത്തിലിറങ്ങിയത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയില്ലാതെയാണ്. അതുകൊണ്ടു തന്നെ സില്‍വയേയും ബര്‍മയേയും ബെര്‍ണാഡോയേയും അണിനിരത്തിയാണ് പോര്‍ച്ചുഗല്‍ ആക്രമണങ്ങള്‍ നയിച്ചത്. ഒടുവില്‍ 48-ാം മിനിറ്റില്‍ ബര്‍മയുടെ ക്രോസില്‍ നിന്ന് ആന്ദ്രെ സില്‍വ ലക്ഷ്യം കണ്ടു.
കഴിഞ്ഞ സീസണില്‍ എസി മിലാന് വേണ്ടി കളിച്ച ആന്ദ്രെ സില്‍വ ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ എസി മിലാന് വായ്പാടിസ്ഥാനത്തില്‍ സില്‍വയെ സെവിയ്യക്ക് കൈമാറി. അതുകൊണ്ടുതന്നെ സില്‍വയ്ക്ക് ഈ ഗോള്‍ നല്കുന്ന ആശ്വാസം ചെറുതല്ല.