മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. 2006ല്‍ സിനിമയിലേക്കെത്തിയെങ്കിലും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളിലൂടെ താനൊരു മികച്ച നടിയാണെന്ന് പാര്‍വതി തെളിയിച്ചു.
എന്നാലിപ്പോള്‍ പാര്‍വ്വതി ചെറിയൊരു ഇടവേള എടുക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട പോസ്റ്റിലാണ് ഇതുവരെ തനിക്ക് നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും പാര്‍വ്വതി ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്.
വളരെ അത്യാവശ്യമെന്ന് തോന്നുന്നതിനാല്‍ ഒരു ടെക് ബ്രേക്ക് എടുക്കുകയാണ്. അധികം വൈകാതെ സ്നേഹം പങ്കുവെക്കാന്‍ ഞാന്‍ വരുമെന്നും നടി പറയുന്നു.
ടെക് ബ്രേക്ക് ആണെന്നുള്ള കാര്യം നടി പ്രത്യേകം പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുന്ന പാര്‍വതി ഇനി ഇതില്‍ നിന്നെല്ലാം താല്‍ക്കാലികമായി വിട്ടു നില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, സിനിമയില്‍ നിന്നും താരം ബ്രേക്ക് എടുക്കുകയാണോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
”ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും”.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്ന പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ നിന്നു മാത്രമാണോ അതോ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്നും കൂടിയാണോ മാറി നില്ക്കാന് തീരുമാനിച്ചത് എന്ന് ഈ കുറിപ്പില്‍ നിന്നും വ്യക്തമല്ല. നടിയുടെ പെട്ടെന്നുള്ള സോഷ്യല്‍ മീഡിയ പിന്‍വാങ്ങലിന് കാരണം എന്താണെന്ന് വ്യക്തമല്ല.
മമ്മൂട്ടിച്ചിത്രം കസബയ്ക്കെതിരെ പാര്‍വ്വതി നടത്തിയ പരമാര്‍ശങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ക്ക് വരെ പാര്‍വ്വതിയ്ക്ക് വിധേയയായിരുന്നു. എന്നാല്‍ അതിലൊന്നും പതറാതെ, അതിനെ നിയമപരമായി കൈകാര്യം ചെയ്ത് അധിക്ഷേപിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു പാര്‍വ്വതി.