ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന് ഇനി സിനിമ നിര്‍മ്മിക്കും. വിജയനും സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരും ചേര്‍ന്ന് ബിഗ് ഡാഡി എന്റര്‍ടൈന്‍മെന്റ് എന്ന പേരിലാണ് നിര്‍മാണ കമ്പനി തുടങ്ങുക. ആദ്യ ചിത്രത്തിന്റെ പണിപ്പുരയിലാണ് താരമിപ്പോള്‍. ഫുട്ബോള്‍ സംബന്ധിയായ ചിത്രമാകും ആദ്യമായി പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നും പുറത്തു വരിക.
നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ഐഎം വിജയന്റെ സിനിമാ ജീവിതം, ബ്രഹാമിന്റെ സന്തതികളില്‍ ഡിവൈഎസ്പി മുഹമ്മദ് ജലാല്‍ വരെ എത്തി നില്ക്കുന്നു. വിപി സത്യന്റെ ജീവിത കഥ ക്യാപ്റ്റന്‍ ഇറങ്ങിയതിനു തൊട്ടു പിന്നാലെ വിജയന്റെ ജീവചിത്രം വെള്ളിത്തിരയില്‍ എത്തിക്കാന്‍ രാമലീല സംവിധായകന് അരുണ്‍ ഗോപി തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
ക്യാപ്റ്റനില്‍ വിജയനെ കുറിച്ച് അധികം പരാമര്‍ശിക്കാതെ പോയതും ഇതിനാലായിരുന്നു. നിവിന്‍ പോളിയാണ് വിജയനായി വേഷമിടുക. ഏതാണ്ട് അഞ്ചു വര്‍ഷത്തിനപ്പുറമായി ചര്‍ച്ചകളില്‍ സജീവമായിരുന്നു ഐഎം വിജയന് ചിത്രം.
കൂടുതല്‍ വിവരങ്ങള്‍ താന്‍ തന്നെ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നു പറഞ്ഞാണ് വിജയന് തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.