പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നും വീട്ടിലെത്തിയ നടന് പൃഥ്വിരാജിനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് വരവേല്‍ക്കുന്ന മകള്‍ അല്ലിയും പെറ്റ് ഡോഗ് സോറോയും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
താരത്തിന്റെ പുതിയ ചിത്രം ‘കോള്‍ഡ് കേസി’ന്റെ ലൊക്കേഷനില്‍ നിന്നും വീട്ടിലെത്തിയ പൃഥ്വിയെ മകളും സോറോയും ചേര്‍ന്ന് വരവേല്‍ക്കുന്ന ചിത്രം പൃഥ്വിരാജ് തന്നെയാണ് വെല്‍ക്കമിംഗ് കമ്മിറ്റി എന്ന് കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
വീട്ടിലെത്തിയ പൃഥ്വിയുടെ ഒക്കത്തേക്ക് ചാടി കയറിയിരിക്കുകയാണ് മകള്‍ അലംകൃത. കാലിന്നരികില്‍ എന്നെയും എടുക്കൂ എന്നു പറയുന്ന രീതിയില്‍ നില്‍ക്കുകയാണ് വളര്‍ത്തുനായ സോറോ. സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
പൃഥ്വിരാജ് എസിപി സത്യരാജ് എന്ന പോലീസ് വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം അമ്മയായ മല്ലിക സുകുമാരനെ കാണാന്‍ പൃഥ്വി എത്തിയിരുന്നു. ആ ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയില്‍ വീട്ടില്‍ തിരിച്ചെത്തിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
മുംബൈ പോലീസ്, മെമ്മറീസ് ഉള്‍പ്പെടെ നിരവധി പോലീസ് സിനിമകളുടെ ഭാഗമായിട്ടുള്ള പൃഥ്വിരാജ് നാളുകള്‍ക്ക് ശേഷമാണ് വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്. തനു ബാലക്ക് ആണ് കോള്‍ഡ് കേസ് സംവിധാനം ചെയ്യുന്നത്. അരുവി ഫെയിം അതിഥി ബാലനാണ് ചിത്രത്തിലെ നായിക.
പൃഥ്വിയുടെ രംഗങ്ങള്‍ മിക്കതും ഇന്‍ഡോറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചിത്രീകരണമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായാണ് സിനിമയുടെ സംവിധായകനാകുന്നത്.