ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കലാശപ്പോരിന് ആശംസകളുമായി മമ്മൂട്ടി. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ താനും ടീമിനൊപ്പമുണ്ടെന്ന് മമ്മൂട്ടി കുറിച്ചു.
‘കാൽപ്പന്തിന്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ. പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു’ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ. മമ്മൂട്ടി കുറിച്ചു.
നീണ്ട കാത്തിരുപ്പിനു ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കന്നി കിരീടം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.ഗോവ ഫട്ടോർഡ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 7:30-ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.