മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി കീർത്തിസുരേഷും പ്രമുഖ വ്യവസായിയുമായി വിവാഹം നിശ്ചയിച്ചു എന്ന തരത്തിൽ ചില വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഉടൻ വിവാഹം ഉണ്ടാകുമെന്നും കീർത്തിയുടെ പിതാവായ നിർമ്മാതാവ് സുരേഷ്കുമാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ഈ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വെളിപ്പെടുത്തി കീർത്തി സുരേഷ് രംഗത്തെത്തി. കീർത്തിയുടെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നുമായിരുന്നു വാർത്തകൾ. എന്നാൽ വാർത്ത എങ്ങനെയാണ് പടർന്നതെന്ന് അറിയില്ലെന്നും ഉടനെ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.
ആ വാർത്ത തനിക്കും ഒരു സർപ്രൈസ് ആയിരുന്നുവെന്ന് നടി പറയുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ലെന്നേും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞു.
പ്രമുഖ നടി സാവിത്രിയുടെ ജീവിതം അഭിനയിച്ച് മഹാനടി എന്ന ചിത്രത്തിന് ദേശീയ പുരസ്കാരമടക്കം സ്വന്തമാക്കിയ താരം തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മുന്നേറുകയാണ്.