മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി നടി അമല പോൾ വീണ്ടും വിവാഹിതയായെന്ന് റിപ്പോർട്ട്. അമലയുടെ സുഹൃത്തും മുംബൈയിൽ നിന്നുള്ള ഗായകനുമായ ഭവ്നിന്ദർ സിങാണ് വരൻ. ഭവ്നിന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ച. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദർ, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് സൂചനകൾ. ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അമലയുമൊത്തുളള ചില ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തിൽ അമല പോൾ തുറന്നുപറഞ്ഞിരുന്നു. സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ അയാളുമായി ചർച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു.
അമലയുടെ രണ്ടാം വിവാഹമാണിത് . 2014 ജൂൺ 12നായിരുന്നു മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ഇരുവരും വിവാഹമോചന ഹർജി സമർപ്പിച്ചു. തുടർന്ന് ഫെബ്രുവരി 2017ൽ ഇരുവരും നിയമപരമായി വിവാഹമോചിതരായി. അടുത്തിടെയാണ് അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ എഎൽ വിജയ് വിവാഹിതനായത്.