ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുന്നു. കൊവിഡ് 19 വ്യാപനത്തെ തുടർന്നാണ് റിയാലിറ്റി ഷോ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയത്.
ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ നടന്നേക്കും.
300ഓളം പേരാണ് ബിഗ്ബോസിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റിലെയും എൻഡമോൾ ഷൈൻ ഇന്ത്യയുടെയും ജീവനക്കാരാണ് ഇവർ.
ഇവരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഷോ നിർത്തിവെക്കാനുള്ള തീരുമാനം എന്നാണ് കരുതുന്നത്. നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ചിരുന്നു.
മോഹൻലാലാണ് മലയാളത്തിൽ ഷോയുടെ അവതാരകനായി എത്തിയത്. എല്ലാ ആഴ്ചയും ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ മോഹൻലാൽ ചിത്രീകരണത്തിനായി എത്തുന്നുണ്ട്. ഷോ 270 ദിവസത്തോളം കഴിഞ്ഞു.ഷോ അവസാനിപ്പിക്കാൻ നാല് ആഴ്ച ബാക്കി നിൽക്കെയാണ് രണ്ടാം സീസൺ നിർത്തിവയ്ക്കുന്നത്.