മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ സിനിമയാണ് ആടുജീവിതം. ഇതുവരെ ഒരു ചിത്രത്തിനും എടുക്കാത്ത പ്രയത്നമാണ് നജീബിനുവേണ്ടി താരം എടുക്കുന്നത്. മൂന്ന് മാസം സിനിമയിൽ നിന്ന് അവധിയെടുത്താണ് താരം തയാറെടുപ്പുകൾ നടത്തുന്നത്.
എന്നാൽ പൃഥ്വിയുടെ ഇപ്പോഴത്തെ മേക്കോവർ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ് താരമിപ്പോൾ. അവസാനം ഇറങ്ങിയ താരത്തിന്റെ ചിത്രം അയ്യപ്പനും കോശിയിലെ കഥാപാത്രം കോശിയുടെ പകുതി വണ്ണം പോലും ഇപ്പോൾ ഇല്ലല്ലോ എന്നാണ് ആരാധകർ പറയുന്നത്. മെലിഞ്ഞതിനൊപ്പം താരം താടിയും മുടിയും നീട്ടിവളർത്തുന്നുമുണ്ട്.
താരത്തിന്റെ പുതിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തീരെ മെലിഞ്ഞ അവസ്ഥയിലാണ് താരമിപ്പോൾ. ഇത്രയും ഡെഡിക്കേഷൻ വേണോ എന്നാണ് ആരാധകർ ആശങ്കയോടെ ചോദിക്കുന്നത്. ഇതിനോടകം 30 കിലോയോളം ഭാരമാണ് പൃഥ്വി കുറച്ചത്. എന്നാൽ താൻ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.
കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിൽക്കുന്നതെന്നാണ് അടുത്തിടെ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്. സാധാരണ സിനിമയ്ക്കു വേണ്ടി മസിൽ വെക്കുകയും തടി കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത് ആസ്വദിക്കാറുണ്ട്. എന്നാൽ ആടുജീവിതത്തിനേ വേണ്ടിയുള്ള മേക്കോവർ തമാശയല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. ബന്യാമിന്റെ പ്രശസ്തമായ നോവൽ ബ്ലസിയാണ് സിനിമയാക്കുന്നത്. അമല പോളാണ് ആടുജീവിതത്തിൽ നായികയായി എത്തുന്നത്.