തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവി അണിയറയിൽ ഒരുങ്ങുകയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സുപ്രധാന വേഷത്തിൽ ഷംന കാസിം എത്തുകയാണ്.
ജയലളിതയുടെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ ശശികലയുടെ റോളിലാണ് ഷംന എത്തുന്നത്. താരം തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എഎൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിൽ ഞാൻ ഇപ്പോൾ ഔദ്യോഗികമായി ഭാഗമായ വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.
ഉരുക്കുവനിത ജെ ജയലളിത മാമിന്റെ ജീവചരിത്രത്തിൽ സഹകരിക്കാൻ കഴിഞ്ഞതിലും കങ്കണ റണാവത്തിനും അരവിന്ദ് സ്വാമിക്കുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലും ഏറ്റവും മികച്ച അവസരമായി കാണുന്നു’ താരം കുറിച്ചു.
കൂടാതെ തെന്നിന്ത്യൻ കാരം മധുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജാനകി രാമചന്ദ്രന്റെ വേഷത്തിലാണ് മധു എത്തുന്നത്. നടി പ്രിയാമണി ശശികലയുടെ വേഷം ചെയ്യും എന്നാണ് ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. കൂടാതെ ജഗപതി ബാബു, ജയസുധ, സത്യരാജ് തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന റിപ്പോർട്ടുകളുമുണ്ട്.