തന്നെ ഭാര്യ സുപ്രിയ അല്ലാതെ ആകർഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസ് തുറന്ന് മലയാളത്തിന്റെ സൂപ്പർ യുവതാരവും സംവിധായകനുമായ പൃഥ്വിരാജ്. ‘ട്രിവാൻഡ്രം ടൈംസി’ന് നൽകിയ ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
സുപ്രിയ അല്ലാതെ മറ്റ് ഏതെങ്കിലും സ്ത്രീക്ക് അതേ മട്ടിലുള്ള ആകർഷകത്വം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യം വന്നപ്പോഴാണ് തന്റെ മനസിലുള്ള, മലയാള സിനിമയുടെ മുൻനിരയിൽ നിൽക്കുന്ന രണ്ടുപേരെ കുറിച്ച് പൃഥ്വി പറയുന്നത്.
ആത്മവിശ്വാസമുള്ള, സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തിൽ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകർഷിക്കുന്നതെന്നും പൃഥ്വി ഇതിന് ആമുഖമായി പറയുന്നു.
മലയാളത്തിലെ മികച്ച സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് പൃഥ്വിരാജിന്റെ മനസിൽ ഒന്നാം സ്ഥാനമുള്ളത്. അഞ്ജലി ഏറെ ആകർഷകത്വമുള്ള സ്ത്രീയാണെന്നും തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ് അവർക്കെന്നും പൃഥ്വിരാജ് പറഞ്ഞു.
ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലിയെന്നും പൃഥ്വി കൂട്ടിച്ചേർത്തു. ആകർഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരിൽ പൃഥ്വി രണ്ടാം സ്ഥാനം നൽകിയിരിക്കുന്നത് നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നാസിമിനാണ്. താൻ അഞ്ജലി മേനോനിൽ കണ്ട വിശേഷതകളിൽ പലതും മറ്റൊരു രീതിയിൽ നസ്രിയയ്ക്കുണ്ടെന്നും അത് അവരെ വളരെ ആകർഷകത്വമുള്ളയാളാക്കുന്നുവെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.