മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഇപ്പോഴിതാ ഈ കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടി തന്നെയാണെന്ന് വെളിപ്പെടുത്തി സംവിധായകൻ സന്തോഷ് വിശ്വനാഥൻ.
മമ്മൂക്ക ചിത്രത്തിന് വേണ്ടി പൂർണമായും സഹകരിച്ചിട്ടുണ്ട്. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ പറഞ്ഞു മനസ്സിലാക്കിയെടുക്കുവാൻ ഒരു നേതാവിനെ ആലോചിച്ചിട്ട് ആദ്യ ഡിസ്കഷനിൽ ഞങ്ങൾക്ക് ആരെയും ലഭിച്ചിരുന്നില്ല. എന്നാൽ രണ്ടാമത്തെ ഡിസ്കഷൻ ആയപ്പോഴേക്കും മമ്മൂക്ക തന്നെ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിരുന്നു.
കടക്കൽ ചന്ദ്രന്റെ രീതികളും സംസാരവുമെല്ലാം അദ്ദേഹം തന്നെ തയ്യാറാക്കിയിരുന്നു. കടക്കൽ ചന്ദ്രന്റെ ലുക്ക് എങ്ങനെ ആയിരിക്കണമെന്ന് ഞാൻ ഒരു സ്കെച്ച് മമ്മൂക്കക്ക് അയച്ചു കൊടുത്തിരുന്നു. എന്നാൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയൊരു സർപ്രൈസാണ് ക്യാരക്ടർ ഫോട്ടോഷൂട്ടിന് വന്ന് അദ്ദേഹം നൽകിയത്.
പണ്ട് ഉണ്ടായിരുന്നതു ഇപ്പോൾ ഉള്ളതോ ആയ യാതൊരു രാഷ്ട്രീയ നേതാവായും കടക്കൽ ചന്ദ്രന് സാമ്യം ഉണ്ടാകരുതെന്ന് മമ്മൂക്കക്ക് നിർബന്ധം ഉണ്ടായിരുന്നു. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഇചായീസ് പ്രൊഡക്ഷൻസ് ആണ്. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകൻ. ഏപ്രിൽ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും.
ജോജു ജോർജ് ,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ ബൈജു, നന്ദു, വെട്ടിക്കിളി പ്രസാദ്, സാബ് ജോൺ, ഡോക്ടർ പ്രമീള ദേവി, അർച്ചന മനോജ്, കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.