ആരാധകഹൃദയങ്ങൾ ടിക് ടോക്കിലൂടെ കീഴടക്കിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷും ടിക്ടോക്കുമൊക്കെയായി തിളങ്ങിയ സൗഭാഗ്യ ഡാൻസ് കവറുകളുമായെത്തി പലപ്പോഴും ആരാധകരെ കീഴടക്കിയിട്ടുണ്ട്.
അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെ മകളാണ് സോഷ്യൽ ലോകത്തിന്റെ ഈ താരറാണി. സൗഭാഗ്യയുടെ വിവാഹവിശേഷങ്ങൾ കുറച്ചുനാളായി സോഷ്യൽ ലോകത്തെ സജീവ ചർച്ചയാണ്. സൗഭാഗ്യയ്ക്കൊപ്പം പല ചിത്രങ്ങളിലും വിഡിയോകളിലും കണ്ടിട്ടുള്ള സൃഹൃത്ത് അർജുൻ സോമശേഖറുമൊത്തുള്ള വിവാഹനിശ്ചയം അടക്കമുള്ള വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നു.
ഇപ്പോഴിതാ വിവാഹ ക്ഷണക്കത്തുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. ഈ മാസം 20 വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹചടങ്ങുകൾ നടക്കുക. ഒൻപത് മണിക്കാണ് മുഹൂർത്തം. പുടവ മാറ്റം അടക്കമുള്ള മറ്റ് ചടങ്ങുകൾ ഗുരുവായൂരിലെ കൃഷ്ണ ഇന്നിൽ വച്ച് നടക്കും. തലേദിവസത്തെ ചടങ്ങുകളുടെ വിവരങ്ങളും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ വിവാഹ സൂചനകൾ നൽകികൊണ്ട് സൗഭാഗ്യ തന്റെ ഇൻസ്റ്റ?ഗ്രാം പേജിൽ ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു പകർത്തിയ ചിത്രങ്ങളായിരുന്നു ഇവ. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രത്തിൽ വച്ച് നൃത്തവേഷത്തിൽ അർജുനൊപ്പം പോസ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. കുർത്തിയും മുണ്ടുമണിഞ്ഞാണ് അർജ്ജുൻ. സന്തോഷം നൽകുന്ന സ്ഥലം, ഇവിടെയാണ് എല്ലാം ആരംഭിച്ചത്….വിധി….ദൈവം എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാനാവില്ല. പക്ഷേ വിശ്വസിക്കൂ, എന്തു തന്നെയായാലും അതു മികച്ചതായിരിക്കും…പത്മനാഭ സ്വാമി തമ്ബുരാനേ ശരണം…” എന്നും ചിത്രത്തോടൊപ്പം സൗഭാഗ്യ കുറിച്ചിരുന്നു.