കൊച്ചി: ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ഷെറിന് സ്റ്റാന്‍ലിയില്‍ നിന്നും ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ നടിയും സഹസംവിധായികയുമായ അര്‍ച്ചന പത്മിനിക്കെതിരെ നിയമ നടപടിക്കില്ലെന്ന് ഫെഫ്ക.
അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന് സ്റ്റാന്‍ലി ഇപ്പോഴും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന കാര്യം വ്യക്തമായ സാഹചര്യത്തിലാണ് ഇത്. ഷെറിനെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്തുണ്ടായി എന്ന് വ്യക്തമല്ല.
ഷെറിനെ തിരികെ ജോലിക്കെടുത്ത സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയോട് വിശദീകരണം ചോദിക്കും. ഫെഫ്ക ഷെറിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന വാദം തെറ്റാണ്. അര്‍ച്ചനയ്ക്ക് എതിരെ നിയമ നടപടിക്കില്ലെന്ന കാര്യം വ്യക്തമാക്കി ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
മമ്മൂട്ടി ചിത്രം പുളളിക്കാരന് സ്റ്റാറാ സെറ്റില്‍ വെച്ച് മോശം അനുഭവം നേരിട്ടെന്നാണ് അര്‍ച്ചന പദ്മിനി എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. അര്‍ച്ചന പദ്മിനി താന്‍ നേരിട്ട ദുരനുഭവം വിവരിച്ച് ഇമെയില്‍ വഴി പരാതി അയച്ചിരുന്നുവെന്നും, ആ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതാണെന്നും ഉണ്ണിക്കൃഷ്ണന് വ്യക്തമാക്കി. നടപടി എടുത്തില്ലെന്ന അര്‍ച്ചനയുടെ വാദം ശുദ്ധകള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്ക്കെതിരെയും ഡബ്ല്യുസിസിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം, അര്‍ച്ചന പത്മിനിയുടെ ആരോപണം പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയും ശരിവച്ചിരുന്നു. ഷെറിന് അബദ്ധം പറ്റിപ്പോയിരുന്നു. ഷെറിന് ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും ബാദുഷ ന്യൂസ് ചാനലില്‍ പ്രതികരിച്ചിരുന്നു.