നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ 96 ആരാധകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. റാമിന്റേയും ജാനുവിന്റേയും പിന്നാലെയാണ് എല്ലാവരും. ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയ തൃഷയും വിജയ് സേതുപതിയുമാണ് സോഷ്യല്‍ മീഡിയ നിറയെ. ഇരുവരുടേയും ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യയേയും ഗൗരിയേയും ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു.
അതേസമയം, ജൂനിയര്‍ റാം യഥാര്‍ഥ ജീവിതത്തിലും വിരഹ നായകനാണ്. ആകെയുണ്ടായിരുന്നൊരു പ്രണയം പൊളിഞ്ഞ് ഒരു വഴിക്കായി, ഒടുവിലത് മറക്കാന്‍ ശ്രമിക്കുമ്പോഴാണ് 96ലെ വേഷം തേടിയെത്തിയതെന്ന് ആദിത്യ പറയുന്നു. സംവിധായകന് ആദ്യം പറഞ്ഞപ്പോള്‍ ‘ലൗ സ്റ്റോറിയാ…എങ്കിട്ടെയാ സാര്‍.’ അതായിരുന്നു ആദിത്യയുടെ എക്സ്പ്രഷന്‍. മധുരിഫിക്കേഷന്‍ കാരണം കളയാനും വയ്യ കയ്പോളജി കാരണം വിഴുങ്ങാനും വയ്യെന്ന അവസ്ഥ. ഈ രണ്ടിന്റേയും ഇടയില്‍ നിന്ന് ആദിത്യ പറഞ്ഞു. ‘യെസ് സാര്‍…പടം പണ്ണലാം….’
ക്യാമറയ്ക്കു മുന്നിലെത്തുമ്പോള്‍ ഒറ്റക്കാര്യമേ പ്രേം സാര്‍ എന്നോട് ആവശ്യപ്പെട്ടുള്ളൂ. ഒരേ സമയം റൊമാന്റിക്കുമാകണം റിയലിസ്റ്റിക്കുമാകണം. പ്രണയിച്ച് എക്സ്പീരിയന്‍സ് ഉള്ളതു കൊണ്ടാകണം സംഗതി വര്‍ക്ക് ഔട്ടായി.
പ്രണയവും വിരഹവുമായി ’96’ എന്ന തമിഴ് ചിത്രം ജനഹൃദയങ്ങള്‍ കീഴടക്കുമ്പോള്‍ ‘ആ പഴയ വിരഹ കാമുകന്’ ഡബിള്‍ ഹാപ്പിയാണ്. പ്രണയം പഴഞ്ചനാണ് ഔട്ട്ഡേറ്റഡ് ആണ് എന്നൊക്കെ പറയുന്നത് ചുമ്മാതല്ലേ. ഒരിക്കല്‍ പ്രണയിച്ചവര്‍, പ്രണയത്തിന്റെ ആഴമറിഞ്ഞവര്‍ ഒരിക്കലും അതു സമ്മതിച്ചു തന്നുവെന്നു വരില്ല. അതിന് ഞാന്‍ ഗ്യാരണ്ടി കള്ളച്ചിരിയോടെ ആദിത്യ പറഞ്ഞു തുടങ്ങുകയാണ്.
പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലമാകട്ടെ, കളര്‍ പടമാകട്ടെ പ്രണയം എന്നും പ്രണയം തന്നെയാണ്. അതിന് ഒരേയൊരു നിര്‍വ്വചനം മാത്രമേയുള്ളൂ. പഴഞ്ചന്‍ പ്രണയം, പൈങ്കിളി എന്നൊക്കെ പറഞ്ഞ് ഒഴിവാക്കുന്നതൊക്കെ വെറും ജാഡയാണ്. അല്പ സ്വല്പം പൈങ്കിളിയൊന്നുമില്ലാതെ പിന്നെ എന്ത് പ്രണയം സാര്‍. അങ്ങനെയായിരുന്നെങ്കില്‍ ഈ ചിത്രം ഒരു വിജയമാകുമായിരുന്നില്ല. പറഞ്ഞറിയാക്കാന്‍ പറ്റാത്തത്രയും പ്രണയം, ആത്മാര്‍ത്ഥമായ സൗഹൃദം ഇതു രണ്ടും സമം ചേര്‍ത്ത് സ്ക്രീനില്‍ അത്ഭുതം കാട്ടിയിരിക്കുകയാണ് പ്രേം സാര്‍.
പഴകുന്തോറും വീഞ്ഞിന് വീര്യമേറുമെന്ന് കേട്ടിട്ടില്ലേ അതാണ് 96. കാലം, സമയം, ദൂരം ഇതൊന്നും ഒരു മാറ്ററേ അല്ല. ആത്മാര്‍ത്ഥമായ സൗഹൃദത്തിനും പ്രണയത്തിനും ദൈവം നല്‍കിയിരിക്കുന്നത് അണ്‍ലിമിറ്റഡ് വാലിഡിറ്റിയാണ്. 1996ലെ എസ്എസ്എല്‍സി ബാച്ചിന്റെ റീ യൂണിയില് നിന്നാണ് ഈ ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഓര്‍മ്മകളിലേക്കുള്ള തിരികെ നടത്തം.
ആദിത്യയും ഗൗരിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഗോസിപ്പുകള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. റാമും ജാനുവുമായി സ്ക്രീനില്‍ ഞങ്ങള്‍ പ്രണയിച്ചു. എന്നാല്‍ ഓഫ് സ്ക്രീനില്‍ അല്ല. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആദിത്യയും ഗൗരിയും പറഞ്ഞത്.